സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ പുനര്‍മൂല്യനിര്‍ണത്തിന് നാളെ മുതല്‍ അപേക്ഷിക്കാം

സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള പുനര്‍മൂല്യനിര്‍ണയത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. സി.ബി.എസ്.ഇ. വെബ്‌സൈറ്റിലൂടെ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസും ഓണ്‍ലൈനായി അടയ്ക്കണം. ടേം രണ്ട് പരീക്ഷാഫലം മാത്രമാണ് പുനര്‍മൂല്യനിര്‍ണയത്തിനു വിധേയമാക്കുക. ഒരു മാര്‍ക്ക് വ്യത്യാസം വന്നാല്‍ പോലും പുതിയ മാര്‍ക്കു പട്ടിക നല്‍കും.

മൂന്നുഘട്ടമായിട്ടാണ് സി.ബി.എസ്.ഇ. പുനര്‍മൂല്യനിര്‍ണയം നടത്തുന്നത്. ആദ്യഘട്ടത്തില്‍ മാര്‍ക്കുകൂട്ടിയതില്‍ പിശകുണ്ടോയെന്നാകും പരിശോധിക്കുക. അതിന്റെ ഫലപ്രഖ്യാപനത്തിനു പിന്നാലെ ഉത്തരക്കടലാസിന്റെ ഫോട്ടോക്കോപ്പിക്ക് അപേക്ഷിക്കാം. ഈ ഉത്തരക്കടലാസ് പരിശോധിച്ചു പുനര്‍മൂല്യനിര്‍ണയം ആവശ്യമുള്ള ചോദ്യങ്ങള്‍ കണ്ടെത്തി അപേക്ഷ നല്‍കുന്നത് മൂന്നാംഘട്ടത്തിലാണ്. ഏതുഘട്ടത്തിലും തുടര്‍ന്നുള്ള പരിശോധനകള്‍ വേണ്ടെന്നുവെക്കാനും അവസരമുണ്ട്. എന്നാല്‍, ആദ്യഘട്ടത്തില്‍ അപേക്ഷിക്കുന്നവര്‍ക്കു മാത്രമേ തുടര്‍ന്നുള്ള പരിശോധനകളിലേക്കു നീങ്ങാന്‍ അവസരംലഭിക്കൂ.

പത്ത്, പന്ത്രണ്ട് പരീക്ഷകളിലെ മാര്‍ക്ക് സംബന്ധമായ പുനര്‍മൂല്യനിര്‍ണയ പരിശോധനയ്ക്ക് ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ അപേക്ഷിക്കാം. ഓരോ വിഷയത്തിനും 500 രൂപവീതമാണ് ഫീസ്. ഉത്തരക്കടലാസിന്റെ പകര്‍പ്പിനുള്ള അപേക്ഷ ഓഗസ്റ്റ് എട്ട്, ഒമ്പത് തീയതികളില്‍ സ്വീകരിക്കും.

ഇതിന് ഓരോ വിഷയത്തിനും പത്താം ക്ലാസിന് 500 രൂപയും പന്ത്രണ്ടാം ക്ലാസിന് 700 രൂപയും വീതമാണ് ഫീസ്. തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ വീണ്ടും മൂല്യനിര്‍ണയം നടത്തുന്നതിനുള്ള അപേക്ഷ ഓഗസ്റ്റ് 13, 14 തീയതികളില്‍ സമര്‍പ്പിക്കാം. ഓരോ ചോദ്യത്തിനും 100 രൂപവീതമാണ് ഫീസ്. മൂല്യനിര്‍ണയത്തിന് സി.ബി.എസ്.ഇ. സ്വീകരിച്ച മാനദണ്ഡങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഇതുകൂടി പരിശോധിച്ചുവേണം പുനര്‍മൂല്യനിര്‍ണത്തിന് അപേക്ഷിക്കേണ്ടത്.

Top