സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി വച്ചു

exam

ദില്ലി: ഈ വര്‍ഷത്തെ പത്താംക്ലാസ് സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി, പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു. രാജ്യത്ത് ആഞ്ഞടിക്കുന്ന കൊവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവയ്ക്കുകയും റദ്ദാക്കുകയും ചെയ്തിരിക്കുന്നത്.സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചിരുന്നു. ഈ യോഗത്തിന് ശേഷമാണ് സിബിഎസ്ഇ തീരുമാനം പ്രഖ്യാപിച്ചത്.

വിദ്യാര്‍ത്ഥികളുടെ മുന്‍വര്‍ഷത്തെ മാര്‍ക്കുകളുടെ അടിസ്ഥാനത്തിലടക്കം കുട്ടികളെ പാസ്സാക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പത്താം ക്ലാസ്സില്‍ നിന്ന് പതിനൊന്നാം ക്ലാസ്സിലേക്ക് കുട്ടികളെ എങ്ങനെ പ്രവേശിപ്പിക്കുമെന്ന കാര്യം പിന്നീട് പ്രഖ്യാപിക്കും.

വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മന്ത്രി രമേശ് പൊഖ്‌റിയാലിനെയും സിബിഎസ്ഇയിലെ ഉന്നത ഉദ്യോഗസ്ഥരെയുംഉന്നതതലയോഗത്തില്‍ പ്രധാനമന്ത്രി കണ്ടിരുന്നു. ദില്ലി മുഖ്യമന്ത്രിയടക്കം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റാന്‍ തീരുമാനമുണ്ടായത്.

മെയ് നാലിനാണ് സിബിഎസ്ഇ 10, 12 പരീക്ഷകള്‍ നടക്കാനിരുന്നത്. ഓഫ് ലൈനായിട്ടാകും പരീക്ഷകള്‍ നടത്തുകയെന്ന് സിബിഎസ്ഇ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയിലാണ് പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചത്. അന്ന് കൊവിഡ് നിയന്ത്രണത്തിലായ ഘട്ടത്തിലായിരുന്നു. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകള്‍ പതിനയ്യായിരത്തില്‍ താഴെയായ കാലത്താണ് പരീക്ഷകള്‍ നടത്താന്‍ സിബിഎസ്ഇ തീരുമാനിച്ചത്.

എന്നാല്‍ ഇന്ന് മാത്രം രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകള്‍ 1.84 ലക്ഷമാണ്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണിത്. പ്രതിദിനമരണം ആയിരം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 1027 പേരാണ്. ഇതും കഴിഞ്ഞ ആറ് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിലെ ഏറ്റവും വലിയ മരണനിരക്കാണ്. രാജ്യത്ത് നിലവില്‍ 13 ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, രാഹുല്‍ ഗാന്ധി എംപി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരടക്കം നിരവധി നേതാക്കളും സംസ്ഥാനങ്ങളും പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ സിബിഎസ്ഇ പരീക്ഷ മാറ്റിവയ്ക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിരുന്നു. ദില്ലിയില്‍ മാത്രം ആറ് ലക്ഷം വിദ്യാര്‍ത്ഥികളാണ് സിബിഎസ്ഇ പരീക്ഷ എഴുതാനിരിക്കുന്നത്.

ഒരു ലക്ഷം അധ്യാപകര്‍ പരീക്ഷാഡ്യൂട്ടിയിലുണ്ടാകും. ഓണ്‍ലൈന്‍ മാതൃകയില്‍ പരീക്ഷ നടത്തണമെന്നും, ഒരു മാസം കൊണ്ട് അതിനുള്ള സജ്ജീകരണങ്ങളൊരുക്കണമെന്നുമാണ് ദില്ലി സര്‍ക്കാരിന്റെ ആവശ്യം. ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ ജയിപ്പിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടെ ഒരു സംഘടനയും പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. കുട്ടികളും, ബഹുഭൂരിപക്ഷം അധ്യാപകരും ഇപ്പോഴും വാക്‌സീന്‍ സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ വന്‍ കൊവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. ഇതെല്ലാം പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

 

Top