ജോഷിമഠിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് താത്കാലിക വസതികൾ

ഡൽഹി: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്കായി താത്കാലിക വസതികൾ നിർമിക്കാനൊരുങ്ങി സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിബിആർഐ). അതിവേ​ഗം നി‍ർമിക്കാനും പൊളിച്ചുനീക്കാനും കഴിയുന്ന തരത്തിലുള്ള കെട്ടിടങ്ങളാണ് നിർമിക്കുന്നത്. ഒന്ന്, രണ്ട്, മൂന്ന് വരെ മുറികളുള്ള വീടുകളുടെ നിർമാണം തിങ്കളാഴ്ച ആരംഭിച്ചതായി ദുരന്ത നിവാരണ സെക്രട്ടറി രഞ്ജിത് കുമാർ സിൻഹ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദുരന്തബാധിതരായ 261 കുടുംബങ്ങൾക്ക് 3.45 കോടി രൂപ ഇടക്കാല ആശ്വാസമായി വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു.

താത്കാലിക കെട്ടിടങ്ങളുടെ നിർമാണത്തോടൊപ്പം, കുടുംബങ്ങളുടെ പുനരധിവാസത്തിനായി സ്ഥിരമായ മാർഗങ്ങൾ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഭരണകൂടം അറിയിച്ചു.

കെട്ടിടനിർമാണത്തിന്റെ ഭാ​ഗമായി ചമോലി ജില്ലയിലെ ധക് ഗ്രാമത്തിൽ, ഭൂമി നിരപ്പാക്കലും, വൈദ്യുതി, വെള്ളം, അഴുക്കുചാൽ എന്നിവയുടെ ക്രമീകരണവും ആരംഭിച്ചിട്ടുണ്ട്. ഹോർട്ടി കള്‍ച്ചര്‍ ഡിപ്പാർട്ട്മെന്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് നിർമാണം ആരംഭിച്ചത്. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് ഭരാരിസൈൻ വിധാൻസഭയുടെ ഹോസ്റ്റലുകളിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സിൻഹ പറഞ്ഞു. “ജില്ലാ മജിസ്ട്രേറ്റുമായും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുമായും സംസാരിച്ചിട്ടുണ്ട്. വീടുകളുടെ നിർമാണം പൂർത്തിയായശേഷം കുടുംബങ്ങളുടെ അഭിപ്രായം തേടും. മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലെങ്കിൽ അവർക്ക് അതിൽ താമസം തുടങ്ങാം.” അദ്ദേഹം വ്യക്തമാക്കി.

താത്കാലിക കെട്ടിടങ്ങളുടെ നിർമാണത്തോടൊപ്പം, കുടുംബങ്ങളുടെ പുനരധിവാസത്തിനായി സ്ഥിരമായ മാർഗങ്ങൾ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഭരണകൂടം അറിയിച്ചു. ആളുകൾക്ക് എവിടെ വേണമെങ്കിലും താമസിക്കാനുള്ള പണവും സ്വാതന്ത്ര്യവും നൽകുക എന്നതാണ് ഒരു മാർഗമെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി ആർ മീനാക്ഷി സുന്ദരം പറഞ്ഞു. അതല്ലെങ്കിൽ മറ്റിടങ്ങളിൽ ഭൂമി കണ്ടെത്തി നൽകുകയാണ് മാർഗമെന്നും അദ്ദേഹം വ്യക്തമാക്കി.

Top