ചിദംബരത്തിന്റെ രണ്ട് ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ന്യൂ​ഡ​ല്‍​ഹി : ഐ.എന്‍.എക്‌സ് മീഡിയക്കേസില്‍ സി.ബി.ഐയുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പി. ചിദംബരം സമര്‍പ്പിച്ച രണ്ട് ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ആര്‍. ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.

ചിദംബരത്തിന്റെ ചോദ്യം ചെയ്യല്‍ ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്തു തുടരുകയാണ്. റോസ് അവന്യൂ കോടതി കസ്റ്റഡി അനുവദിച്ചതോടെ സി.ബി.ഐ വിശദമായ ചോദ്യം ചെയ്യലിന് തയ്യാറായി കഴിഞ്ഞിരുന്നു.

ചിദംബരം ഉള്ളതിനാല്‍ കനത്ത സുരക്ഷയിലാണ് സി.ബി.ഐ ആസ്ഥാനം. സി.ബി.ഐ ഗസ്റ്റ് ഹൗസിലെ ഗ്രൗണ്ട് ഫ്‌ലോറില്‍ അഞ്ചാം നമ്പര്‍ സ്യൂട്ടിലാണ് ചിദംബരം. നിയമ മേഖലയില്‍ വിദഗ്ധനായതിനാല്‍ ചിദംബരത്തെ ചോദ്യം ചെയ്യുക സി.ബി.ഐക്ക് എളുപ്പമല്ല. അതിനാല്‍ ചോദ്യങ്ങളിലടക്കം സൂക്ഷ്മത പുലര്‍ത്തി സി.ബി.ഐ സംഘം വിശദമായ ചോദ്യം ചെയ്യലിന് ഒരുങ്ങി.

ഇന്നലെ തന്നെ ചോദ്യം ചെയ്യലുമായി ചിദംബരം സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളില്‍ നിന്നും വഴുതി മാറുകയാണെന്നും സി.ബി.ഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു.

Top