തൂത്തുക്കുടി കസ്റ്റഡി മരണം; കേസ് സിബിഐ അന്വേഷിക്കും

ന്യൂഡല്‍ഹി: തൂത്തുക്കുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദനത്തിന് ഇരയായി മരിച്ച കേസ് സിബിഐക്ക് കൈമാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇക്കാര്യം അറിയിച്ച് കേന്ദ്രം തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. സിബിഐ അന്വേഷണ കാര്യത്തില്‍ വേഗത്തില്‍ തീരുമാനം എടുക്കണമെന്ന തമിഴ്‌നാട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ലോക്ഡൗണ്‍ നിയമം ലംഘിച്ച് കട തുറന്നുവെന്ന പേരില്‍ ജൂണ്‍ 19-ന് അറസ്റ്റ് ചെയ്യപ്പെട്ട ജയരാജ്, മകന്‍ ബെന്നിക്സ് എന്നിവരാണ് പോലീസ് പീഡനത്തെ തുടര്‍ന്ന് മരിച്ചത്.

എന്നാല്‍ ബെനിക്‌സിന്റെ മൊബൈല്‍ കടയില്‍ രാത്രി ഒമ്പതുമണിക്ക് വന്‍ ജനകൂട്ടം ആയിരുന്നുവെന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ബെനിക്‌സ് ആക്രമിച്ചുവെന്നുമാണ് പൊലീസിന്റെ എഫ്‌ഐആര്‍.കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചുവെന്നും പരിക്കേറ്റെന്നുമാണ് വാദം.

കൊലപാതകത്തില്‍ പ്രതിഷേധം ശക്തമായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.

തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ കേസെടുക്കാന്‍ തെളിവുണ്ടെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമര്‍ദ്ദനത്തിന്റെ തെളിവുകളുണ്ടെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്.

അഞ്ച് പൊലീസ് ഉദ്യോഗസ്ഥരയൊണ് കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് ചെയ്തത്.മര്‍ദനത്തിന് നേതൃത്വം നല്‍കിയ സാത്താന്‍കുളം എസ് ഐ രഘു ഗണേഷാണ് ആദ്യം അറസ്റ്റിലായത്.കഴിഞ്ഞ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് എസ്.ഐ ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍ മുരുകന്‍ എന്നിവര്‍ അറസ്റ്റിലായത്.

Top