CBI will considered IG Manoj Abraham for the position Of Joint Director

ന്യൂഡല്‍ഹി : കേരള കേഡര്‍ ഐ.ജി. മനോജ് എബ്രഹാമിനെ സി.ബി.ഐ യിലേക്ക് കൊണ്ടുവരാന്‍ നീക്കം.

ജോ. ഡയറക്ടര്‍ പദവിയിലേക്ക് നിയമിക്കാന്‍ ഉന്നത സി.ബി.ഐ ഉദ്യോഗസ്ഥനാണ് മുന്‍കൈ എടുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വഴി കേരള ആഭ്യന്തരവകുപ്പിന് മുന്നില്‍ ഇതു സംബന്ധമായ നിര്‍ദ്ദേശം വയ്ക്കുമെന്നാണ് സൂചന.

1994 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് മനോജ് എബ്രഹാം. സാധാരണ ഗതിയില്‍ സി.ബി.ഐയില്‍ മുന്‍പ് പ്രവര്‍ത്തിച്ചവര്‍ക്കാണ് ജോ. ഡയറക്ടര്‍ തസ്തികയിലേക്ക് മുന്‍ഗണന നല്‍കാറുള്ളത്. എന്നാല്‍ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ സി.ബി.ഐ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറുണ്ട്. നാലുമുതല്‍ ഏഴ് വര്‍ഷം വരെ ഇത്തരത്തില്‍ ഡെപ്യൂട്ടേഷനില്‍ തുടരാന്‍ പറ്റും.

മനോജ് എബ്രഹാമിന്റെ കാര്യത്തില്‍ സി.ബി.ഐ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നാണ് സൂചന.

നിലവില്‍ തിരുവനന്തപുരം റേഞ്ച് ഐ.ജിയാണ്. എസ്.പി ആയിരിക്കെ കണ്ണൂരിലെ രാഷ്ട്രീയ കലാപം അടിച്ചമര്‍ത്തിയാണ് മനോജ് എബ്രഹാം ശ്രദ്ധേയനായത്. മുഖം നോക്കാതെ കര്‍ക്കശ നടപടി സ്വീകരിക്കുന്നതിലും മികവ് കാട്ടിയ മനോജ് എബ്രഹാം നിരവധി സുപ്രധാന കേസുകളും തെളിയിച്ചിട്ടുണ്ട്.

വിജിലന്‍സ് – ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരും സസ്‌പെന്റ് ചെയ്യപ്പെട്ടവരുമായ ഉദ്യോഗസ്ഥരെ സി.ബി.ഐ പരിഗണിക്കാറില്ല. ഐബിയുടെ ക്ലിയറന്‍സും ആവശ്യമാണ്. നിലവില്‍ എറണാകുളം റേഞ്ച് ഐ.ജി. ശ്രീജിത്തും, എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയും, എസ് പി രാഹുല്‍ ആര്‍ നായരുമാണ് പ്രതി പട്ടികയിലുള്ള ഐപിഎസുകാര്‍.

Top