ഹാഥ്റസ് കൂട്ടബലാത്സംഗം: കേസ് സിബിഐ ഏറ്റെടുത്തു

ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഉത്തര്‍ പ്രദേശ് പോലീസില്‍നിന്ന് സി.ബി.ഐ. ഏറ്റെടുത്തു. കൂട്ട ബലാത്സംഗത്തിന് ഇരയായി ചികിത്സയിലായിരുന്ന പെണ്‍കുട്ടി സെപ്റ്റംബര്‍ 29ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. സെപ്തംബര്‍ 14നായിരുന്നു ഹാഥ്‌റസ് പെണ്‍കുട്ടി വീടിനടുത്ത് വെച്ച് ക്രൂര പീഡനത്തിനിരയായത്.

കേസിലെ ഉത്തര്‍ പ്രദേശ് പൊലിസിന്‌റെ അന്വേഷണം തുടക്കം മുതലെ കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധ രാത്രിയില്‍ പൊലീസ് തിടുക്കപ്പെട്ട് കത്തിച്ചതടക്കമുള്ള വിഷയങ്ങള്‍ വലിയ വിവാദങ്ങള്‍ക്കും തിരി കൊളുത്തി. സംഭവത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയും ഇതിന്റെ ഭാഗമായി കത്ത് അയക്കുകയും ചെയ്തിരുന്നു.

സവര്‍ണ വിഭാഗമായ ഠാക്കുര്‍ സമുദായത്തില്‍ പെട്ട സന്ദീപ്, രാമു, ലവ്കുശ്, രവി എന്നിവരെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സെപ്തംബര്‍ 29ന് കുട്ടി മരണപ്പെട്ടതിന് പിന്നാലെ ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റവും ചുമത്തിയിരുന്നു.

Top