സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് സിബിഐ സമന്‍സ്

ഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് സിബിഐ സമന്‍സ്. അനധികൃത ഖനന കേസില്‍ സാക്ഷിയായാണ് സമന്‍സ് അയച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ഡല്‍ഹിയിലെ ഫെഡറല്‍ ഏജന്‍സിക്ക് മുന്‍പില്‍ വ്യാഴാഴ്ച ഹാജരാകാനാണ് നിര്‍ദേശം. സിആര്‍പിസി സെക്ഷന്‍ 160 പ്രകാരമാണ് സിബിഐ നോട്ടീസ് നല്‍കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. 2012-2016 കാലയളവില്‍ ഉത്തര്‍പ്രദേശിലെ ഹമിര്‍പൂറില്‍ നടന്ന അനധികൃത ഖനനം സംബന്ധിച്ച കേസിലാണ് നോട്ടീസ്.

അഖിലേഷ് യാദവ് ബിജെപിക്കെതിരെ കഴിഞ്ഞദിവസം രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്‍ഡ്യ മുന്നണിയെ കുറിച്ച് ബിജെപി പരിഭ്രാന്തരാണെന്നും മറ്റ് പാര്‍ട്ടികളെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ ചൊവ്വാഴ്ച നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത വിമത എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് യാദവ് പറഞ്ഞിരുന്നു. പത്ത് സീറ്റിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എട്ടിലും ബിജെപി ആണ് വിജയിച്ചത്.

Top