സിബിഐയില്‍ ചേരിപ്പോര് രൂക്ഷം; സ്‌പെഷ്യല്‍ ഡയറക്ടര്‍ക്കെതിരെ പ്രസ്ഥാവന

ന്യൂഡല്‍ഹി: സിബിഐ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചേരിപ്പോര്. ഏജന്‍സിയുടെ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ അര ഡസനോളം കേസുകളില്‍ ഏജന്‍സി അന്വേഷണം നടത്തിവരികയാണെന്ന് സിബിഐ പ്രസ്താവനയിറക്കി. സിബിഐ ഡയറക്ടര്‍ ആലോക് വര്‍മയ്‌ക്കെതിരെ അസ്താന അടിസ്ഥാനമില്ലാത്ത പരാതികള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയാണെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

സിബിഐയില്‍ ഡയറക്ടറെയും മറികടക്കുന്ന സമാന്തര അധികാരകേന്ദ്രമായി അസ്താന മാറുന്നതിനെതിരെ വര്‍മ ഇതിനു മുന്‍പും രംഗത്ത് വന്നിട്ടുണ്ട്. വര്‍മ അന്വേഷണങ്ങളില്‍ ഇടപെടുന്നുവെന്നാരോപിച്ച് അസ്താന കാബിനറ്റ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഇതാണ് അലോക് വര്‍മ്മയെ പ്രകോപിപ്പിച്ചത്.

സിബിഐയുടെ പ്രതിച്ഛായയെ ബാധിക്കുന്ന തലത്തിലേക്കാണ് ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ നീങ്ങുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സിബിഐയില്‍ തനിക്കെതിരായി അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുകയാണ് പരാതി നല്‍കുന്നതിലൂടെ അസ്താന ഉദ്ദേശിക്കുന്നതെന്നാണ് മറ്റൊരു ആരോപണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെയും അടുത്ത ആളായിട്ടാണ് അസ്താന അറിയപ്പെടുന്നത്. നിരവധി കേസുകളില്‍ സിബിഐ നിരീക്ഷണത്തിലുള്ളയാളാണ് അസ്താനയെന്നും ഡയറക്ടറുടെ അസാന്നിധ്യത്തില്‍ ഇയാളെ വിശ്വാസത്തിലെടുത്ത് സിബിഐയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്താനാകില്ലെന്നും ചൂണ്ടിക്കാട്ടി വിജിലന്‍സ് കമ്മീഷന് നേരത്തെ സിബിഐ കത്തു നല്‍കിയത് വിവാദമായിരുന്നു. സിബിഐയുടെ പോളിസി വിഭാഗമാണ് ആലോക് വര്‍മയുടെ അസാന്നിധ്യത്തില്‍ അസ്താനയെ ചുമതലയേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് ആവശ്യപ്പെടുന്ന കത്ത് കേന്ദ്ര വിജിലന്‍സ് കമ്മീഷന് നല്‍കിയത്.

അതേസമയം, കാബിനറ്റ് സെക്രട്ടറി തനിക്ക് ലഭിച്ച അസ്താനയുടെ പരാതി കേന്ദ്ര വിജിലന്‍സ് കമ്മീഷന് കൈമാറിയിരിക്കുകയാണ്.

Top