സിബിഐ തലപ്പത്തെ അഴിച്ചുപണി; നാഗേശ്വര്‍ റാവു സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞു

ന്യൂഡല്‍ഹി: ബിഹാറിലെ ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ നടന്ന ബാലപീഡനക്കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥന്‍ എ കെ ശര്‍മയെ സ്ഥലം മാറ്റിയതിനെ തുടര്‍ന്ന് സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് മുന്‍ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര്‍ റാവു.

സുപ്രീംകോടതി ഉത്തരവ് മറികടന്നാണ് നാഗേശ്വര്‍ റാവു അന്വേഷണ ഉദ്യോഗസ്ഥനായ എ കെ ശര്‍മയെ സ്ഥലം മാറ്റിയത്. നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന കോടതി വിലക്കുണ്ടായിട്ടും നാഗേശ്വര്‍ റാവു സിബിഐ തലപ്പത്ത് അഴിച്ചുപണി നടത്തിയതിനെതിരെയും സുപ്രീംകോടതി ആഞ്ഞടിച്ചു.

കേസില്‍ കോടതി ഇടപെട്ടതിനിടയിലും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് കോടതിയലക്ഷ്യമാണെന്നും അതിനാല്‍ നാഗേശ്വര്‍ റാവു നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. റാവുവിന്റെ സത്യവാങ്മൂലം നാളെ സുപ്രീംകോടതി പരിഗണിക്കും.എ കെ ശര്‍മയെ കഴിഞ്ഞ ജനുവരി 17ാം തീയതി സിആര്‍പിഎഫിലേക്കാണ് നാഗേശ്വര്‍ റാവു സ്ഥലം മാറ്റിയത്.

Top