CBI-RSS-Pinarayi Vijayan

അടൂര്‍: സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന പ്രവണത മുളയിലെ നുള്ളണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.

സിബിഐ ആര്‍എസ്എസ് തീരുമാനം നടപ്പാക്കുന്നതു ഗൗരവമായ കാര്യമാണെന്നും ഇതു മുളയിലേ നുള്ളേണ്ടതാണെന്നും പിണറായി പറഞ്ഞു. നവകേരള മാര്‍ച്ചിനോട് അനുബന്ധിച്ചു പത്തനംതിട്ട ജില്ലയിലെ അടൂരില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി ജയരാജനെ കൊലപാതകക്കേസില്‍ കുടുക്കാനാണ് ആര്‍എസ്എസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തില്‍ സമ്മര്‍ദം ചെലുത്തുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നതെന്നും പിണറായി പറഞ്ഞു.

പി ജയരാജനെതിരെ ആര്‍എസ്എസ് ബിജെപി അധ്യക്ഷന്‍ അമിത് ഷാക്ക് അയച്ച കത്ത് ഇന്നലെ ചാനലുകള്‍ പുറത്ത് വിട്ടിരുന്നു. പി ജയരാജനെതിരായ കേസില്‍ സിബിഐ ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ പറയുന്നതും അമിത്ഷാക്കയച്ച കത്തിലെ അതേ വാചകങ്ങളാണ്. ആര്‍എസ്എസിനും സിബിഐക്കും ഒരേ ഭാഷ വരുന്നത് എങ്ങിനെയാണ്.

ആര്‍എസ്എസിന്റെ ആവശ്യങ്ങള്‍ സിബിഐ അന്വേഷണ നിഗമനമായി അവതരിപ്പിക്കുകയാണ്. ആര്‍എസിഎസിന്റെ ചട്ടുകമായി സിബിഐ മാറുന്നത് നാടിന് ആപത്താണ്. അത് സിപിഐ എമ്മിനെതിരെ ആയതിനാല്‍ കുഴപ്പമില്ലെന്ന് പ്രചരിപ്പിക്കുന്ന മറ്റ് ജനാധിപത്യ പാര്‍ടികള്‍ക്കും ഇത് ഓര്‍മ്മയുണ്ടാകണം. ഈ രാജ്യത്ത് നുണവ്യാപാരം നടത്തുന്നവരാണ് ആര്‍എസ്എസുകാര്‍. എല്ലാ വര്‍ഗീയ കലാപങ്ങളുടെ പിറകിലും ഒരു നുണപ്രചാരണം കാണാനാകും.

നിയമസഭയില്‍ പ്രതിപക്ഷ നേതാവിനെ പോലും സംസാരിക്കാന്‍ അനുവദിക്കാതെ പ്രകോപനം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍. വി എം സുധീരന്റെ ജനരക്ഷായാത്രയുടെ സമാപനത്തിന് എത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തന്നെ അടുത്ത സര്‍ക്കാര്‍ അവരുടേതാവില്ലെന്ന് മനസിലായിട്ടുണ്ട്. അത്രയും തമ്മിലടിയാണ് കോണ്‍ഗ്രസുകാര്‍ക്കിടയില്‍.

പത്തനംതിട്ട ജില്ലയില്‍ ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് സാമൂഹിക സുരക്ഷ ഉറപ്പാക്കണം. പമ്പാ നദിയുടെ മലിനീകരണം അപകടകരമാം വിധം ഉയര്‍ന്നിരിക്കുന്നു. മണല്‍ വാരലും പമ്പയെ നശിപ്പിക്കുന്നു. ഇത് ഒഴിവാക്കണം. ഖരമാലിന്യസംസ്‌ക്കരണത്തിനും നടപടി വേണം. പമ്പയുടെ പ്രധാന കൈവഴികളായ കോതതോട്,വരട്ടാറ് എന്നിവയുടെ പുനരുദ്ധാരണം വേണം. തീര്‍ത്ഥാടന ടൂറിസം ,പൈതൃക സഞ്ചാരം, ഇക്കോ ടൂറിസം എന്നിവ പത്തനംതിട്ടയുടെ വികസനത്തിന് വഴിയൊരുക്കുമെന്നും പിണറായി പറഞ്ഞു.

Top