ലൈഫ് മിഷന്‍ ക്രമക്കേട്; കേസെടുത്ത് സിബിഐ

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ. കൊച്ചിയിലെ ആന്റി കറപ്ഷന്‍ യൂണിറ്റാണ് ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയ ചട്ടലംഘന നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല.

പ്രാഥമികമായി വിദേശത്തു നിന്ന് വന്ന പണം അതിന്റെ ഉദ്ദേശത്തിന് വിരുദ്ധമായി ചെലവഴിച്ചതായുള്ള ആരോപണത്തിന്‍ മേലാണ് കേസ്. കൊച്ചിയില്‍ പ്രത്യേക കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് സിബിഐ വ്യക്തമാക്കുന്നു.

ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടി അനില്‍ അക്കര എംഎല്‍എ സിബിഐക്ക് പരാതി നല്‍കിയിരുന്നു. റെഡ് ക്രസന്റുമായടക്കം പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ നിയമവിരുദ്ധമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ വിജിലന്‍സ് അന്വേഷണമല്ല സിബിഐ അന്വേഷണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

Top