CBI raids Kejriwal’s Principal Secretary for alleged graft

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രജീന്ദ്രകുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ടര ലക്ഷത്തോളം രൂപയുടെ വിദേശ കറന്‍സി കണ്ടെത്തിയതായി സിബിഐ.

ഡല്‍ഹി സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഓഫീസില്‍ സിബിഐ നടത്തിയ റെയ്ഡ് വലിയ വിവാദമായിരിയ്‌ക്കെയാണ് സെക്രട്ടറിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. രജീന്ദ്രകുമാറിനെതിരായ കേസിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ അന്വേഷണത്തിനായി ചെന്നതെന്നായിരുന്നു സിബിഐയുടെ വാദം.

ഡല്‍ഹിയിലേയും ഉത്തര്‍പ്രദേശിലേയും 14 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. അനധികൃത സ്വത്തില്‍ പെട്ട വസ്തുവകകളും പണവും രജീന്ദ്രകുമാറിന്റെ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തതായി സിബിഐ ആരോപിച്ചു. അതേ സമയം ഇ മെയില്‍ അക്കൗണ്ടുകള്‍ പരിശോധിയ്ക്കാന്‍ രജീന്ദ്ര കുമാര്‍ സഹകരിയ്ക്കുന്നില്ലെന്നാണ് സിബിഐ പറയുന്നത്.

കേസില്‍ രജീന്ദ്രകുമാറിന്റെ കൂട്ടുപ്രതിയായ ടെലികമ്മ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്‍സ് ഇന്ത്യ ലിമിറ്റഡിന്റെ ജനറല്‍ മാനേജര്‍ ജി.കെ നന്ദയുടെ പക്കല്‍ നിന്നും പത്തര ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

Top