വ്യാജ ഏറ്റുമുട്ടല്‍; സിബിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: വ്യാജ ഏറ്റുമുട്ടലുകളില്‍ പ്രതികളുടെ അറസ്റ്റില്‍ വീഴ്ച വരുത്തിയ സിബിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഇന്ത്യന്‍ സൈന്യത്തിലെ ഒരു വിഭാഗവും അസം റൈഫിള്‍ സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിലെ പ്രതികളെ അറസ്റ്റു ചെയ്യാന്‍ വീഴ്ച വരുത്തിയതിനാണ് സിബിഐയെ കോടതി വിമര്‍ശിച്ചത്.

മണിപ്പൂരില്‍ നടത്തിയ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു കോടതി അനുവദിച്ച സമയം ഈ മാസം 27-ന് അവസാനിച്ചിരുന്നു. വ്യാജ ഏറ്റുമുട്ടലുകളെ സംബന്ധിച്ചു കോടതി പരിഗണിക്കുന്ന 1,528 കേസുകളില്‍ നാലു കേസുകളുടെ കുറ്റപത്രം സമര്‍പ്പിക്കാനാണ് ജസ്റ്റിസ്മാരായ മദന്‍ ബി ലൊക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടിരുന്നത്.

രണ്ടു കേസുകളുടെ കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഓഗസ്റ്റില്‍ അഞ്ച് എണ്ണം കൂടി സമര്‍പ്പിക്കുമെന്നും സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മ കോടതിയെ അറിയിച്ചു. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതില്‍ വിശദീകരണം നല്‍കണമെന്നു കോടതി ആവശ്യപ്പെട്ടു.

14 ആളുകളെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. എന്നാല്‍ മരിച്ച രണ്ടു പേര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തു.

സിബിഐയുടെ നടപടി അവിശ്വസനീയമാണെന്നു കോടതി ചൂണ്ടിക്കാട്ടി. നീണ്ട നടപടിക്രമങ്ങളാണ് കാലതാമസത്തിനു കാരണമെന്നും നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതിനു മറുപടിയായി സിബിഐ അറിയിച്ചു.

Top