ഡല്‍ഹിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മൊഹല്ല ക്ലിനിക്കുകള്‍ക്കും സിബിഐ അന്വേഷണം

ഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മൊഹല്ല ക്ലിനിക്കുകള്‍ക്കും സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലും മൊഹല്ല ക്ലിനിക്കുകളിലും ഗുണനിലവാരം കുറഞ്ഞ മരുന്നുകളും വ്യാജ പരിശോധനകളും നടക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡല്‍ഹി ആരോഗ്യമേഖലയില്‍ ആംആദ്മി സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാനപ്പെട്ട പ്രൊജക്ടായിരുന്നു മൊഹല്ല ക്ലിനിക്കുകള്‍.

പരിശോധനകളില്‍ അഴിമതി നടക്കുന്നുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മൊഹല്ല ക്ലിനിക്കുകളില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി ഗവര്‍ണര്‍ ആവശ്യപ്പെട്ടന്നാണ് വിവരം. രോഗികളില്ലാതെ തന്നെ വ്യാജ റേഡിയോളജി, പത്തോളജി പരിശോധനകള്‍ നടത്തിയതായി രേഖകളില്‍ ഉണ്ടെന്നാണ് ആരോപണം. മൊഹല്ല ക്ലിനിക്കുകളില്‍ നിന്ന് ഏഴ് ഡോക്ടര്‍മാരെ നീക്കിയതായി കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് അറിയിച്ചിരുന്നു. വൈകി വരുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടികാട്ടിയായിരുന്നു നടപടി. സിബിഐ അന്വേഷണത്തെ ആരോഗ്യമന്ത്രി സ്വാഗതം ചെയ്തു.

‘ആരോഗ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ മരുന്നുകളില്‍ ഓഡിറ്റിംഗ് നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിറ്റി ആരോഗ്യസെക്രട്ടറി അത് ചെയ്തില്ല. സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്തു. എന്നാല്‍ കേന്ദ്രം ആരോഗ്യസെക്രട്ടറി സംരക്ഷിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാവുന്നില്ല.’ മന്ത്രി പറഞ്ഞു. ആരോഗ്യ വിഭാഗം സെക്രട്ടറിയെ നീക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് സിബിഐ നടപടി.

Top