സുശാന്ത് സിംഗ് രജ്പുതിന്റെ മരണം സിബിഐ അന്വേഷിക്കും; റിയയെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണ കാരണം അന്വേഷിക്കാനൊരുങ്ങി സിബിഐ. കേസ് സിബിഐക്ക് കൈമാറിയതായി വ്യക്തമാക്കി കേന്ദ്രം ഉത്തരവിറക്കി. ബിഹാര്‍ സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചതായി രാവിലെ സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. മുംബൈ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്.സുശാന്ത് സിംഗ് മരിച്ച് 52 ദിവസം പിന്നിടുമ്പോഴാണ് കേസ് സിബിഐക്ക് വിടുന്നത്.

കേസ് അന്വേഷണത്തെ ചൊല്ലി ബിഹാര്‍, മുംബൈ പൊലീസിനിടെയിലെ പോര് മുറുകുന്നതിനിടെയാണ് കേന്ദ്ര ഇടപെടല്‍. സുശാന്തിന്റെ അച്ഛന്‍ പട്‌ന പൊലീസില്‍ നല്‍കിയ പരാതിയിലുള്ള കേസ് സിബിഐക്ക് വിടാന്‍ ഇന്നലെയാണ് ബിഹാര്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷ സലൈന്റെ മരണവും സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജിയും ഇന്ന് സുപ്രീം കോടതിയിലെത്തി.

ദിഷയുടെ മരണവുമായി സുശാന്തിന്റെ ആത്മഹത്യക്ക് ബന്ധമുണ്ടെന്നാണ് ഹര്‍ജിയിലെ വാദം.മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് വ്യക്തമാക്കിയായിരുന്നു സുശാന്തിന്റെ അച്ഛന്‍ കഴിഞ്ഞ ഇരുപത്തിയെട്ടിന് ബിഹാര്‍ പൊലീസിനെ സമീപിച്ചത്. സിബിഐ അന്വേഷണം വേണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ഉള്‍പ്പടെയുള്ള നേതാക്കള്‍ പ്രധാനമന്ത്രിയോടാവശ്യപ്പെട്ടിരുന്നു.

അതിനിടെ, നടി റിയാ ചക്രബര്‍ത്തിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്‍ര് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. വെള്ളിയാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക ക്രമക്കേട് കേസിലാണ് ചോദ്യം ചെയ്യുക.

Top