സിബിഐ അന്വേഷണത്തിന് സംസ്ഥാനങ്ങളുടെ അനുമതി വേണം; സുപ്രീം കോടതി

ന്യൂഡല്‍ഹി: സിബിഐയ്ക്ക് അന്വേഷണത്തിന് സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന് സുപ്രീംകോടതി. ഒരു സംസ്ഥാനത്തിന്റെയും അനുമതി ഇല്ലാതെ സി.ബി.ഐയ്ക്ക് സംസ്ഥാനങ്ങളില്‍ അന്വേഷണം സാധ്യമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. സംസ്ഥാനങ്ങളുടെ അനുവാദം ഇല്ലാതെ അന്വേഷണം നടത്തുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്. സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെയും സി.ബി.ഐ അന്വേഷണമാകാം എന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തിന് തിരിച്ചടിയാണ് സുപ്രീംകോടതി നിലപാട്.

ജസ്റ്റിസുമാരായ എ. എം ഖാന്‍വില്‍ക്കര്‍, ബി. ആര്‍ ഗവായി എന്നിവരുടേതാണ് സുപ്രധാന വിധി. അഴിമതി ആക്ഷേപവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ചിലര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നിര്‍ണായക നിരീക്ഷണം. പ്രതിപട്ടികയിലുള്ള ഹര്‍ജിക്കാരില്‍ ചിലര്‍ സംസ്ഥാന ജീവനക്കാരാണെന്നും സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും വാദിച്ചു. ഇതിനിടെ ഡല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ചട്ടങ്ങള്‍ സുപ്രിംകോടതി വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് സി.ബി.ഐ അന്വേഷണത്തിന് ജനറല്‍ കണ്‍സെന്റ് നല്‍കിയ സംസ്ഥാനമാണെന്ന് കണ്ടെത്തിയാണ് ഉത്തരവ്. കേരളം അടക്കം ഉള്ള സംസ്ഥാനങ്ങള്‍ സി.ബി.ഐയ്ക്ക് നല്‍കിയ ജനറല്‍ കണ്‍സെന്റ് പിന്‍വലിച്ച സഹചര്യത്തില്‍ സുപ്രധാനമാണ് സുപ്രീംകോടതി നിരീക്ഷണങ്ങള്‍.

Top