തൂത്തുക്കുടി പൊലീസ് വെടിവെപ്പില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു

തൂത്തുക്കുടി : തൂത്തുക്കുടിയില്‍ സമരം ചെയ്തവര്‍ക്കെതിരെയുള്ള പൊലീസ് വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. വെടിവെപ്പില്‍ കൊല്ലപ്പെട്ട 13 പേരുടെ കുടുംബങ്ങളില്‍ നിന്നും, പരിക്കു പറ്റിയ 40 ആളുകളില്‍ നിന്നും മൊഴി ശേഖരിച്ചിട്ടുണ്ട്.

തമിഴ്നാട് പൊലീസില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളില്‍, ആരാണ് 15 ആയുധങ്ങള്‍ നല്‍കാന്‍ ഉത്തരവിട്ടത്, ആരാണ് ആയുധങ്ങള്‍ ഒപ്പിട്ടു വാങ്ങിയത്, ആരാണ് വെടിവെപ്പിന് ഉത്തരവിട്ടത് എന്നീ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുണ്ട്’- എ.എന്‍.ഐയോട് മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് ഉരുക്ക് നിര്‍മ്മാണ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്ക് നേരെ കഴിഞ്ഞ മെയ് മാസത്തിലാണ് വെടിവെപ്പുണ്ടായത്. പുറത്തു വന്ന ഓട്ടോപ്സി റിപ്പോര്‍ട്ട് പ്രകാരം മരിച്ചവരുടെ നെഞ്ചിലും തലയ്ക്കുമാണ് വെടിയേറ്റിരിക്കുന്നത്. ആയുധം ഉപയോഗിക്കാനുള്ള പൊലീസ് മാനദണ്ഡങ്ങളില്‍ ശരീരത്തിന്റെ കീഴ് ഭാഗത്തായിരിക്കണം ഉന്നം വെയ്ക്കേണ്ടതെന്നും, ഏറ്റവും അക്രമാസക്തമായ കൂട്ടത്തെ മാത്രമാണ് ലക്ഷ്യം വെക്കേണ്ടതെന്നും പറയുന്നുണ്ട്.

പ്രതിഷേധക്കാര്‍ക്ക് നേരെ പ്രയോഗിച്ച തോക്കുകളും മറ്റു ആയുധങ്ങളും സംബന്ധിച്ച രേഖകള്‍ സി.ബി.ഐ ശേഖരിച്ചു. വെടിവെപ്പിനുള്ള ഉത്തരവും പരിശോധിച്ചു. പോലീസുകാരെയും റവന്യൂ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തുവരികയാണ്. പരിക്കേറ്റവരില്‍ നിന്നും ദൃക്‌സാക്ഷികളില്‍ നിന്നും മൊഴി രേഖപ്പെടുത്തിവരികയാണെന്നും സി.ബി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

Top