റെയില്‍വേ ഹോട്ടലുകള്‍ സ്വകാര്യ ഗ്രൂപ്പിനു കൈമാറിയ കേസ്, ലാലുവിനും മകനും സിബിഐ സമന്‍സ്

പാറ്റ്ന: റെയില്‍വേ ഹോട്ടലുകള്‍ സ്വകാര്യ ഗ്രൂപ്പിനു കൈമാറിയതുമായി ബന്ധപ്പെട്ട കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനും മകനും വീണ്ടും സിബിഐ നോട്ടീസ്.

അടുത്ത മാസം മൂന്നിന് ലാലുവും നാലിന് തേജ്വസി യാദവും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ 15 ദിവസത്തെ സാവകാശം വേണമെന്ന ലാലുവിന്റെ അഭ്യര്‍ഥന തള്ളിയാണ് സിബിഐ വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.

ലാലു 2006-ല്‍ റെയില്‍വെ മന്ത്രിയായിരിക്കുമ്പോള്‍ രണ്ട് റെയില്‍വെ ഹോട്ടലുകളുടെ നടത്തിപ്പിനുള്ള കരാര്‍ സ്വകാര്യ ഗ്രൂപ്പിന് കൈമാറിയെന്നും ഇതില്‍ അഴിമതി നടന്നെന്നുമാണ് കേസ്. സിബിഐ നേരത്തെ അയച്ച സമന്‍സ് പ്രകാരം തേജ്വസി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹം കൂടുതല്‍ സമയം ചോദിച്ചതോടെയാണ് സിബിഐ അടുത്ത മാസം ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജൂലൈ ഏഴിന് സിബിഐ കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. റെയില്‍വേ ഹോട്ടലുകള്‍ സ്വകാര്യ ഗ്രൂപ്പിനു കൈമാറിയതിലെ അഴിമതിയുമായി ബന്ധപ്പെട്ടു യാദവിന്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും വസതികള്‍ ഉള്‍പ്പെടെ 12 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. പാറ്റ്ന, ഡല്‍ഹി, റാഞ്ചി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സിബിഐ റെയ്ഡ്.

Top