കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ അറസ്റ്റ് ചെയ്യണം; സിബിഐ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി:മുന്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ശാരദ ചിട്ടിഫണ്ട് കേസില്‍ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി.

ശാരദ ചിട്ടിഫണ്ട് കേസ് അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ തലവനായിരുന്ന രാജീവ് കുമാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും നേരത്തെ ലഭിച്ച തെളിവുകള്‍ അദ്ദേഹം നശിപ്പിച്ചെന്നും ചൂണ്ടിക്കാണിച്ചാണ് സി.ബി.ഐ. പുതിയ അപേക്ഷ നല്‍കിയത്.

മുന്‍പ് രാജീവ് കുമാറിനെ സി.ബി.ഐ. സംഘം ചോദ്യം ചെയ്യാനൊരുങ്ങിയപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇടപെട്ട് തടഞ്ഞിരുന്നു. തുടര്‍ന്ന് ബംഗാള്‍ പോലീസ് സി.ബി.ഐ. ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത് വന്‍ വിവാദങ്ങള്‍ക്കും കാരണമായി. കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ.യെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്നായിരുന്നു മമതാ ബാനര്‍ജിയുടെ ആരോപണം.

പിന്നീട് വിഷയം സുപ്രീംകോടതിയിലെത്തിയെങ്കിലും സി.ബി.ഐ. അന്വേഷണവുമായി രാജീവ് കുമാര്‍ സഹകരിക്കണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്.എന്നാല്‍, പലതവണയായി നടത്തിയ ചോദ്യംചെയ്യലില്‍ രാജീവ് കുമാര്‍ സഹകരിച്ചില്ലെന്നാണ് സി.ബി.ഐ.യുടെ വിശദീകരണം. രാജീവ്കുമാറുമായി സംസാരിക്കുമ്പോള്‍ അദ്ദേഹം പലതും മറച്ചുവെയ്ക്കുന്നതായും സത്യം തുറന്നുപറയുന്നില്ലെന്നും സി.ബി.ഐ. സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു.

നേരത്തെ ശാരദ ചിട്ടി ഫണ്ട് കേസ് അന്വേഷിച്ചിരുന്ന അന്വേഷണസംഘം നിര്‍ണായകമായ ഇലക്ട്രോണിക്ക് തെളിവുകളടക്കം ശേഖരിച്ചില്ലെന്നും പ്രതികള്‍ക്കെതിരേ ശരിയായ അന്വേഷണം നടത്തിയില്ലെന്നും സി.ബി.ഐ. പറയുന്നുണ്ട്. രാജീവ് കുമാര്‍ പല രഹസ്യങ്ങളും ഒളിച്ചുവെയ്ക്കുന്നതായും അദ്ദേഹം ആരെയോ ഭയക്കുന്നുണ്ടോ എന്നാണ് സംശയമെന്നും അതിനാല്‍ അറസ്റ്റ് ചെയ്ത് കൂടുതല്‍ ചോദ്യംചെയ്യലിന് അവസരമൊരുക്കണമെന്നുമാണ് സി.ബി.ഐയുടെ ആവശ്യപ്പെട്ടു.

Top