ഷുഹൈബ് വധക്കേസ് അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി; സര്‍ക്കാരിന്റെ വാദം തള്ളി

SHUHAIB

കൊച്ചി: കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എസ്.പി.ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐയ്ക്കു വിട്ട് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ തള്ളിയാണു ഹൈക്കോടതിയുടെ ഈ നടപടി.

ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ജസ്റ്റീസ് ബി.കെമാല്‍പാഷയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സര്‍ക്കാരിനെതിരേ അതിരൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയ കോടതി കേസിലെ പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സിബിഐയെ സഹായിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, ഷുഹൈബ് വധക്കേസ് അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. കോടതി പറഞ്ഞാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സിബിഐയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. കേസ് ഡയറി അടക്കമുള്ള കാര്യങ്ങള്‍ സിബിഐക്ക് ഇപ്പോള്‍ പരിശോധിക്കാന്‍ കഴിയില്ല. കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് അറിയില്ലെന്നും സിബിഐ പറഞ്ഞിരുന്നു.

എന്നാല്‍, സി.ബി.ഐ അന്വേഷണം സിംഗിള്‍ ബെഞ്ചിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹന്‍ ഇതുവരെയുള്ള അന്വേഷണപുരോഗതി സര്‍ക്കാരിനു വേണ്ടി കോടതിയെ അറിയിച്ചിരുന്നു. കേസിലെ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്‌തെന്നും ഇനി കേസില്‍ മറ്റൊരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഷുഹൈബ് വധത്തിനു പിന്നിലുള്ളത് വ്യക്തിവൈരാഗ്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ഇതിനിടെ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനം കോടതി ഉന്നയിച്ചു. ഇത്തരം കൊലപാതകങ്ങള്‍ എല്ലാ പാര്‍ട്ടികളും ഒഴിവാക്കണമെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കി. ആരാണ് ഇതിന് പിന്നിലെന്ന് എല്ലാവര്‍ക്കും അറിയാം. പലരും ഇക്കാര്യത്തില്‍ കൈകഴുകി പോകുകയാണ്. ഇത്തരം സംഭവങ്ങളില്‍ ഗൂഢാലോചന പുറത്തുവരാറില്ലെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ ഇന്ന് പറഞ്ഞിരുന്നു. ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം കണ്ണൂരില്‍ 9 രാഷ്ടീയ കൊലപാതകങ്ങള്‍ നടന്നു. ബിജെപി. സിപിഎം എസ്ഡിപിഐ പ്രവര്‍ത്തകരാണ് പ്രതിപട്ടികയിലുള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. പൊലീസ് അന്വഷണത്തില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. രാഷ്രീയ അക്രമങ്ങള്‍ തടയുന്നതിന് ആവശ്യമെങ്കില്‍ നിയമം ഭേദഗതി ചെയ്യും, ഇതിന് യോജിച്ച പരിശ്രമം ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Top