‘അയാം ഗോയിംഗ് ടു ഡൈ’ ജസ്നയുടെ അവസാന സന്ദേശം, നേരറിയാതെ കേസ് അവസാനിപ്പിക്കാൻ സി.ബി.ഐ…

തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരുന്ന കേസാണ് ജെസ്ന മരിയ ജെയിംസിന്റെ തിരോധാനം. ജെസ്നയെ കണ്ടെത്താനുള്ള വർഷങ്ങളുടെ ശ്രമങ്ങൾ സിബിഐ അവസാനിപ്പിക്കുന്നുവെന്നാണ് പുതുതായി വരുന്ന റിപ്പോർട്ട്. ‘മാധ്യമ സിൻഡിക്കറ്റ്’ ആണ് ഇതു സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ജെസ്‌ന കേസ് സംബന്ധിച്ച ക്ലോഷർ റിപ്പോർട്ട് കോടതിക്ക് സിബിഐ ഉടൻ സമർപ്പിക്കും. രാജ്യത്തെ പരമോന്നത ഏജൻസി ജെസ്നയെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങളും ഫലംകണ്ടില്ല എന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന. രാജ്യത്തിനകത്തും പുറത്തും മൂന്ന് വർഷമെടുത്ത് അന്വേഷിച്ചു. സംശയിച്ച രണ്ട് പേരെ പോളിഗ്രാഫിന് വിധേയമാക്കി. ഇങ്ങനെ ആകാവുന്ന ശ്രമമെല്ലാം നടത്തിയ ശേഷമാണ് കേസ് അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.

‘അയാം ഗോയിംഗ് ടു ഡൈ’

2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ജെസ്നാ മരിയ ജയിംസ് വെച്ചൂച്ചിറയിലെ വീട്ടിൽ നിന്ന് പോയത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകാനെന്ന് പറഞ്ഞാണ് ഇറങ്ങിയത്. ബസ്സിൽ എരുമേലി വരെ വന്നതിന് തെളിവുണ്ട്. ചുറ്റുവട്ടത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളിലും കണ്ടിരുന്നു. പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല. ആദ്യം കേസ് അന്വേഷിച്ചത് വെച്ചൂച്ചിറ പൊലീസ് ആണ്. പിന്നീട് തിരുവല്ല ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി. രക്ഷയില്ലാതെ ക്രൈംബ്രാഞ്ചിനെ ഏൽപിച്ചു. ഒടുവിൽ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ച് 2021 ഫെബ്രുവരിയിൽ ഉത്തരവ് വാങ്ങിയാണ് കേസ് സിബിഐക്ക് വിട്ടത്.

തീവ്രവാദ സംഘടനകൾ കെണിയിൽപെടുത്തി കേരളത്തിന് പുറത്തേക്ക് കടത്തിയെന്ന പ്രചാരണം വ്യാപകമായതോടെയാണ് ജെസ്നയുടെ തിരോധാനം വൻ ചർച്ചയായത്. കോവിഡിന് തൊട്ടുമുമ്പ് രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്നും ആശങ്കകൾ ശക്തമായിരുന്നു. ഇതിനിടെയാണ് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിൻ ജെ തച്ചങ്കരി ജെസ്നയുടെ സ്ഥലം കണ്ടെത്തിയതായി നിർണായക വെളിപ്പെടുത്തൽ നടത്തിയത്. കേരളത്തിന് പുറത്ത് മറ്റൊരു സംസ്ഥാനത്തായതിനാൽ ലോക്ക്ഡൗണിൽ പോലീസുകാർക്ക് യാത്ര അസാധ്യമാണെന്നും അത് കഴിഞ്ഞാലുടൻ നേരിട്ട് അവിടെയെത്തി അന്വേഷിക്കുമെന്നും ആയിരുന്നു തച്ചങ്കരിയുടെ വിശദീകരണം. പിന്നീടും കേസിൽ ഒന്നും നടക്കാതെ വന്നതോടയാണ് ബന്ധുക്കൾ സിബിഐയെ തേടിപ്പോയത്.

കൊല്ലം ജയിലിൽ തന്റെ സഹതടവുകാരനായിരുന്ന പ്രതിക്ക് ജെസ്നയെക്കുറിച്ച് ചിലതെല്ലാം അറിയാമെന്ന് പൂജപ്പുര ജയിലിലെ തടവുകാരിലൊരാൾ സിബിഐയെ അറിയിച്ചതാണ് ഒടുവിൽ വഴിത്തിരിവാകുമെന്ന് കരുതിയത്. സിബിഐ സംഘം ജയിലിലെത്തി മൊഴിയെടുത്തപ്പോൾ വിവരം പരിശോധിക്കേണ്ടതാണെന്ന് ബോധ്യപ്പെട്ടു. എന്നാൽ തുടരന്വേഷണത്തിൽ ഫലമുണ്ടായില്ല. ഇതാണ് ഒടുവിൽ നടത്തിയ ശ്രമം. ഇതുകൂടി പരാജയപ്പെട്ട ശേഷമാണ് അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് പരമോന്നത ഏജൻസി എത്തിയിരിക്കുന്നത്.

സിസ്റ്റർ അഭയയുടെ മരണം അടക്കം സുപ്രധാന കേസുകളിൽ ചിലതിൽ അന്വേഷണം അവസാനിപ്പിക്കാൻ പല ഘട്ടങ്ങളിൽ സിബിഐ ശ്രമിച്ചിരുന്നു. മരണം കൊലപാതകം ആണെന്ന് വ്യക്തമാണെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിയുന്നില്ല എന്ന റിപ്പോർട്ടുകൾ പക്ഷെ കോടതി മടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഇവിടെയും കോടതിയുടെ തീരുമാനമാണ് പ്രധാനം. സിബിഐ ഡയറക്ടറുടെ അനുമതി വാങ്ങിയാണ് ജെസ്നക്കേസിൽ അന്വേഷണസംഘം കോടതിയിൽ ക്ലോഷർ റിപ്പോർട്ട് കൊടുക്കാനൊരുങ്ങുന്നത് എന്നാണ് മാധ്യമ സിൻഡിക്കറ്റ് റിപ്പോർട്ട് ചെയ്യുന്നത്.

Top