സെന്‍സര്‍ ബോര്‍ഡിനെതിരായ തമിഴ് നടന്‍ വിശാലിന്റെ ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം

ന്യൂഡല്‍ഹി: മുംബൈയിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനെതിരെ (സി.ബി.എഫ്.സി) തമിഴ് നടനും നിര്‍മാതാവുമായ വിശാലിന്റെ അഴിമതി ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം. മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു.എഫ്.ഐ.ആറില്‍ ഉള്‍പ്പെട്ടവരുടെ സ്ഥലങ്ങള്‍ ഉള്‍പ്പെടെ മുംബൈയിലെ നാലിടങ്ങളില്‍ പരിശോധന നടത്തിയാണ് നടപടി.

വിശാല്‍ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന്റെ റിലീസുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോഡിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഓണ്‍ലൈനായാണ് ഫിലിം സര്‍ട്ടിഫിക്കേഷന് അപേക്ഷിച്ചതെന്നും സി.ബി.എഫ്.സി ഓഫിസ് സന്ദര്‍ശിച്ചപ്പോള്‍ 6.5 ലക്ഷം രൂപ നല്‍കമമെന്ന് അറിയിച്ചതായും വിശാല്‍ പറഞ്ഞിരുന്നു.

വിശാലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്ര വാര്‍ത്ത വിനിമയ പ്രക്ഷേപണ മന്ത്രാലയം പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അഴിമതി അനുവദിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു.

Top