ലാലു പ്രസാദ് യാദവിനെയും മകളേയും അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്ത് സിബിഐ

ഡൽഹി: ജോലിക്ക് ഭൂമി അഴിമതി കേസിൽ ലാലു പ്രസാദ് യാദവിനെയും മകൾ മിസ ഭാരതിയേയും സിബിഐ ചോദ്യം ചെയ്തു. മിസ ഭാരതിയുടെ ദില്ലിയിലെ വസതിയിൽ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് ലാലുപ്രസാദ് യാദവ് വിശ്രമിക്കുകയാണ് എന്നറിയിച്ചിട്ടും, അപേക്ഷ സിബിഐ പരിഗണിച്ചില്ല. ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് നടന്ന ഗ്രൂപ്പ് ഡി നിയമനങ്ങളിലാണ് അന്വേഷണം നടക്കുന്നത്.

2004 മുതൽ 2009വരെ പല സംസ്ഥാനങ്ങളിലായി നടന്ന നിയമനങ്ങളെ കുറിച്ച് ലാലുവിനോട് സിബിഐ വിവരങ്ങൾ തേടി. നിയമനങ്ങൾക്ക് പ്രത്യുപകാരമായി കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമി ഉദ്യോഗാർത്ഥികളിൽ നിന്ന് ചുളുവിലക്ക് കൈപ്പറ്റിയെന്ന ആക്ഷേപം ലാലു നിഷേധിച്ചു. നിയമന രേഖകൾ പരിശോധിച്ച ശേഷമാണ് സിബിഐ സംഘം ലാലുവിനെയും മകളേയും അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തത്. ഇടപാടുകളിലെ മിസ ഭാരതിയുടെ പങ്കും സിബിഐ പരിശോധിച്ചു.

Top