CBI have no time to investigate the death of Mani; but enough against jacob thomas

കൊച്ചി: കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കാന്‍ സമയമില്ലാത്ത സിബിഐക്ക് ജേക്കബ് തോമസിനെതിരെയുള്ള പരാതി അന്വേഷിക്കാന്‍ സമയമുണ്ട് !

മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടും കേസന്വേഷണം ഇതുവരെയും സിബിഐ ഏറ്റെടുത്തിട്ടില്ല.

ഇതേതുടര്‍ന്ന് കേരള പൊലീസ് തന്നെയാണ് വീണ്ടും ഈ കേസിന്റെ അന്വേഷണം തുടരുന്നത്.

മരണത്തിന് മുന്‍പ് മണിയുടെ കൂടെ ഔട്ട്ഹൗസായ പാടിയില്‍ ഉണ്ടായിരുന്ന ആറ് പേരുടെ നുണ പരിശോധന പൊലീസ് ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

നുണ പറഞ്ഞതായി പരിശോധനയില്‍ തെളിയുന്നവരെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും.

കഴിഞ്ഞ മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി കൊച്ചി അമൃത ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്.

തുടര്‍ന്ന് കൊച്ചിയിലെയും ഹൈദരാബാദിലെയും ലാബുകളില്‍ നടത്തിയ ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് ലഭിച്ചിരുന്നത്. ഇത് ദുരൂഹതക്ക് ആക്കം കൂട്ടിയിരുന്നു.

തുടര്‍ന്നാണ് മണിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരുന്നത്.

സിബിഐ ഈ കേസ് ഏറ്റെടുക്കാത്തതിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അതേസമയം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അദ്ദേഹം തുറമുഖ വകുപ്പ് ഡയറക്ടറായിരുന്നപ്പോള്‍ ക്രമക്കേട് നടത്തിയതായി ആരോപിച്ച് ഹൈക്കോടതിയില്‍ സ്വകാര്യവ്യക്തി നല്‍കിയ ഹര്‍ജിയില്‍ കയറി പിടിച്ച് അന്വേഷിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കാന്‍ സിബിഐക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടുമില്ല.

അന്വേഷണം നടത്തും മുന്‍പ് തന്നെ ജേക്കബ് തോമസിനെതിരെ സിബിഐ സ്റ്റാന്‍ഡിംങ്ങ് കൗണ്‍സില്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.

സിബിഐയുടെ അസാധാരണ നടപടി ഡയറക്ടറുടെ അനുവാദത്തോടെയാണോയെന്ന് ചോദിച്ച് വിജിലന്‍സ് ഡയറക്ടര്‍ തന്നെ സിബിഐ ഡയറക്ടര്‍ക്ക് കത്തയക്കുന്ന സാഹചര്യവും ഇതുമൂലം ഉണ്ടായി.

Top