‘ജോലിക്കു പകരം ഭൂമി’; ലാലു കുടുംബത്തിനെതിരെ സിബിഐ രണ്ടാം കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി : ‘ജോലിക്കു പകരം ഭൂമി’ അഴിമതിക്കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, റാബറി ദേവി, മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവർക്കെതിരെ സിബിഐ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. മകളും രാജ്യസഭാംഗവുമായ മിസ ഭാരതി ഉൾപ്പെടെ മറ്റു 14 പേരെയും പ്രതിചേർത്തിട്ടുണ്ട്. ആദ്യ കുറ്റപത്രം സമർപ്പിച്ച ശേഷം ലഭിച്ച കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിലാണു രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെന്നു സിബിഐ വ്യക്തമാക്കി.

ആദ്യ കുറ്റപത്രം സമർപ്പിച്ചപ്പോൾ പല പ്രതികളുടെയും പങ്കിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്താൻ സാധിച്ചിരുന്നില്ലെന്നാണു വിശദീകരണം. എകെ ഇൻഫോസിസ്റ്റംസ് എന്ന കമ്പനിയെയും പല ഇടനിലക്കാരെയും റോസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതിചേർത്തിട്ടുണ്ട്. ലാലു റെയിൽവേ മന്ത്രിയായിരിക്കെ 2004–09 ൽ നിയമനങ്ങൾക്കു കൈക്കൂലിയായി കുടുംബാംഗങ്ങളുടെ പേരിൽ ഭൂമി എഴുതിവാങ്ങിയെന്നാണു കേസ്. ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവയാണു കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്നത്.

പട്നയിൽ നിന്നുള്ളവരെ മുംബൈ, ജബൽപുർ, കൊൽക്കത്ത, ജയ്പുർ തുടങ്ങിയ റെയിൽവേ സോണുകളിൽ നിയമിച്ചു. പകരം ഇവരുടെയോ ബന്ധുക്കളുടെയോ 1.05 ലക്ഷം ചതുരശ്ര അടി ഭൂമി ലാലുവിന്റെ കുടുംബാംഗങ്ങൾക്കു വൻ വിലക്കുറവിൽ കൈമാറിയെന്നാണു സിബിഐ കണ്ടെത്തിയത്. ആദ്യ കുറ്റപത്രം കഴിഞ്ഞ വർഷം ഒക്ടോബറിലാണു സമർപ്പിച്ചത്.

Top