ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിന്റെ തിരോധാനം; സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനായുള്ള അന്വേഷണം അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് സി.ബി.ഐ പാട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ചു. രണ്ട് വര്‍ഷം കേസിന്റെ എല്ലാ വശങ്ങളും അന്വേഷിച്ചിട്ടും നജീബിനെ കണ്ടെത്താനായില്ലെന്ന വിശദീകരണത്തോടെയാണ് കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐ അനുമതി തേടിയത്.

നവംബര്‍ 29ന് കോടതി റിപ്പോര്‍ട്ട് പരിഗണിക്കും. കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ആഴ്ച ഡല്‍ഹി ഹൈക്കോടതി സി.ബി.ഐയ്ക്ക് അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിച്ചത്. നജീബിന്റെ ഉമ്മ ഫാത്തിമ നഫീസിന് വിചാരണക്കോടതിയെ സമീപിക്കാമെന്ന നിര്‍ദ്ദേശത്തോടെയാണ് കേസ് അവസാനിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.

അതേസമയം, നജീബിന്റെ തിരോധാനം രാഷ്ട്രീയ മാനങ്ങളുള്ള കേസാണെന്നും സി.ബി.ഐ തങ്ങളുടെ യജമാനന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കേസ് അട്ടിമറിച്ചുവെന്നും നജീബിന്റെ ഉമ്മയുടെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചിരുന്നു. സി.ബി.ഐ ശരിയായി കേസ് അന്വേഷിച്ചില്ലെന്നും നജീബിന്റെ ഉമ്മ കുറ്റപ്പെടുത്തി.2016 ഒക്ടോബര്‍ 15നാണ് ജെ.എന്‍.യു ഹോസ്റ്റലില്‍ നിന്ന് നജീബിനെ കാണാതായത്. കാണാതാകുന്നതിന് തലേന്ന് എ.ബി.വി.പി വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ എത്തി നജീബുമായി സംഘര്‍ഷമുണ്ടായിരുന്നു.

Top