ആര്‍എസ്എസുകാരുടെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം: ഹര്‍ജി രാഷ്ട്രീയപ്രേരിതം

High court

കൊച്ചി: ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഏഴ് കേസുകളില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ഹര്‍ജി രാഷ്ട്രീയ താല്പര്യത്തോടെയുള്ളതാണെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍.

കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയം നോക്കി അന്വേഷണം ആവശ്യപ്പെടുന്നത് ഇതിനുള്ള തെളിവാണെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

തലശേരിയിലെ ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയില്‍ ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി എം.പി പ്രിയമോളാണ് ഇക്കാര്യം വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നല്‍കിയത്.

ഹര്‍ജിയില്‍ ആവശ്യപ്പെടുന്ന ഏഴ് കേസുകളില്‍ അഞ്ചെണ്ണത്തില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കി. രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങിയാണ് പൊലീസ് കേസ് അന്വേഷിക്കുന്നതെന്ന ആരോപണം സി.ബി.ഐയ്ക്കും ബാധകമാണ്. സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ കേസുകളില്‍ പൊലീസ് രാഷ്ട്രീയ വിധേയത്വം കാണിക്കുമെന്നാണ് ആരോപണം. ഇതു ശരിവച്ചാല്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയോട് സി.ബി.ഐ വിധേയത്വം കാണിക്കുമെന്ന വാദവും അംഗീകരിക്കേണ്ടി വരും. കേസുകളുടെ ആധിക്യം മൂലം പലകേസുകളും ഏറ്റെടുക്കാന്‍ മടിച്ച സി.ബി.ഐ ഈ കേസുകളില്‍ താല്പര്യം കാട്ടിയത് എന്തിനെന്ന് വ്യക്തമാണ്.

ഹര്‍ജി നല്‍കിയ ട്രസ്റ്റിലെ ട്രസ്റ്റികളെല്ലാം ബി.ജെ.പി – ആര്‍.എസ്.എസ് നേതാക്കളാണ്. പൊതു താല്പര്യ ഹര്‍ജിയുടെ മറവില്‍ സ്വകാര്യ താല്പര്യത്തിനു വേണ്ടിയാണ് ഹര്‍ജിയെന്ന് വ്യക്തം. ഹര്‍ജിക്കാരായ ട്രസ്റ്റിനു കീഴിലുള്ള സ്‌കൂളില്‍ ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ സായുധ പരിശീലനം നടത്തിയെന്നും സ്‌കൂള്‍ അധികൃതര്‍ നിലം നികത്തിയെന്നുമുള്ള പരാതികളില്‍ നടപടിയെടുത്തിരുന്നു. ട്രസ്റ്റിന്റെ വിശ്വാസ്യത ഇതില്‍ നിന്ന് മനസിലാക്കാമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Top