പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐക്ക്

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസ് സി.ബി.ഐ.ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും. ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പോപ്പുലര്‍ ഉടമകള്‍ നിക്ഷേപം നടത്തിയതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

രണ്ടായിരം കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വിദേശരാജ്യങ്ങളിലടക്കം പ്രതികള്‍ നിക്ഷേപങ്ങള്‍ നടത്തിയതിനാല്‍ ഇതേക്കുറിച്ചെല്ലാം അന്വേഷിക്കാന്‍ പൊലീസിന് പരിമിതികളുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് കേസ് സി.ബി.ഐ.ക്ക് വിടുന്നത്. കഴിഞ്ഞദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസില്‍ സമാന്തര അന്വേഷണം ആരംഭിച്ചിരുന്നു.

അതിനിടെ, പോപ്പുലര്‍ കേസ് സി.ബി.ഐ.ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ചില ഹര്‍ജികളും ഹൈക്കോടതിയില്‍ എത്തിയിരുന്നു. ഈ ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി ഓരോ പരാതികളിലും ഓരോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പ്രതികളുടെ വസ്തുവകള്‍ കണ്ടെടുത്ത് സംരക്ഷിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഈ ഹര്‍ജികള്‍ ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് കേസ് സി.ബി.ഐ.ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

Top