സുപ്രീംകോടതി വിമര്‍ശനം കാറ്റില്‍പ്പറത്തി; സിബിഐ, ഇഡി മേധാവികളുടെ കാലാവധി നീട്ടി കേന്ദ്രം

ന്യൂഡല്‍ഹി: സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവികളുടെ കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. അഞ്ച് വര്‍ഷം വരെയാണ് കാലാവധി നീട്ടിയത്. നിലവില്‍ രണ്ട് വര്‍ഷമാണ് മേധാവിമാരുടെ കാലാവധി.

കേന്ദ്ര ഏജന്‍സികളെ മോദി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് പുതിയ തീരുമാനം. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് ഓര്‍ഡിനന്‍സുകളിലും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഓര്‍ഡിനന്‍സ് അനുസരിച്ച്, രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം മേധാവികള്‍ക്ക് വീണ്ടും മൂന്ന് വര്‍ഷം കൂടി സ്ഥാനത്ത് തുടരാം.

എന്നാല്‍, പ്രാരംഭ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പൊതു താല്‍പ്പര്യാര്‍ത്ഥം അല്ലെങ്കില്‍ ക്ലോസ് (എ) പ്രകാരമുള്ള കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമോ ഒരു വര്‍ഷം കൂടി കാലാവധി നീട്ടി നല്‍കാം. വര്‍ഷാവര്‍ഷം മാത്രേ കാലാവധി നീട്ടി നല്‍കാന്‍ കഴിയുകയുള്ളൂ. അഞ്ച് വര്‍ഷത്തെ കാലയളവ് പൂര്‍ത്തിയാക്കിയതിന് ശേഷം അത്തരത്തിലുള്ള ഒരു വിപുലീകരണവും അനുവദിക്കില്ലെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ എസ് കെ മിശ്രയുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. അപൂര്‍വവും അസാധാരണവുമായ കേസുകളില്‍ മാത്രമേ കാലാവധി നീട്ടാവൂ എന്ന് കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നീക്കം.

Top