സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ സമിതി യോഗം ഇന്ന്

ന്യൂഡല്‍ഹി: പുതിയ സി ബി ഐ മേധാവിയെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ സമിതി യോഗം ഇന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേരും. വൈകീട്ട് നടക്കുന്ന യോഗത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെ എന്നിവരും പങ്കെടുക്കും.

നേരത്തെ ചേര്‍ന്ന യോഗത്തില്‍ 79 ഉദ്യോഗസ്ഥരുടെ പട്ടിക ചര്‍ച്ച ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ പ്രവൃത്തി പരിചയത്തെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ഖാര്‍ഗെ ആവശ്യപ്പെട്ടതോടെയാണ് കഴിഞ്ഞ യോഗം തീരുമാനമാകാതെ പിരിഞ്ഞത്. കൃത്യമായ വിവരം നല്‍കാതെ സിബിഐ മേധാവിയുടെ നിയമനം കേന്ദ്രം വൈകിക്കുകയാണെന്ന് യോഗത്തിന് ശേഷം ഖാര്‍ഗെ ആരോപിച്ചിരുന്നു. മധ്യപ്രദേശ് ഡിജിപി ആര്‍ കെ ശുക്‌ള ഉള്‍പ്പടെയുളള പേരുകള്‍ മുന്‍ഗണനാ പട്ടികയില്‍ ഉണ്ടെന്നാണ് സൂചന.

ഇപ്പോള്‍ അലോക് വര്‍മ്മയ്ക്ക് പകരം സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് ഇടക്കാല ഡയറക്ടറായി നാഗേശ്വര റാവുവാണ് തുടരുന്നത്. റാവുവിന്റെ കാലാവധി ജനുവരി 31 വരെയാണ്. ജനുവരി 10 നാണ് അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. സുപ്രീംകോടതി വിധിയുടെ ബലത്തില്‍ വീണ്ടും ചുമതലയേറ്റ് 36 മണിക്കൂറിനുള്ളിലാണ് അലോക് വര്‍മ്മയ്ക്ക് സിബിഐ ഡയറക്ടര്‍ സ്ഥാനം നഷ്ടപ്പെട്ടത്.

Top