പിഎന്‍പി തട്ടിപ്പ് കേസ്; അറസ്റ്റിലായ വിപുല്‍ അംബാനിക്ക് ജാമ്യം അനുവദിച്ചു

pnb

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിപുല്‍ അംബാനിക്ക് ജാമ്യം അനുവദിച്ചു. മുബൈയിലെ സിബിഐ പ്രത്യേക കോടതിയാണ് വിപുലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രാജ്യം വിട്ടുപോകരുതെന്ന ഉപാധിയോടെയുമാണ് ജാമ്യം അനുവദിച്ചത്.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് സിബിഐ വിപുലിനെ അറസ്റ്റു ചെയ്തത്. പിഎന്‍ബി ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ നീരവ് മോദിയുടെ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു വിപുല്‍ അംബാനി. വ്യാജരേഖ ചമച്ച് 11,400 കോടി രൂപയാണ് വജ്രവ്യാപാരിയായ നീരവ് മോദി ബാങ്കില്‍ നിന്ന് തട്ടിയെടുത്തത്.

കേസില്‍ ഒരു മലയാളിയും അറസ്റ്റിലായിരുന്നു. പാലക്കാട് സ്വദേശി അനിയത്ത് ശിവരാമന്‍ നായരാണ് അറസ്റ്റിലായ മലയാളി. മെഹുല്‍ ചോക്സിയുടെ കമ്പനി ഡയറക്ടറാണ് ഇയാള്‍. കേസില്‍ തങ്ങള്‍ നിരപരാധികളാണെന്ന് ശിവരാമന്‍ നായരുടെ കുടുംബം നേരത്തെ അവകാശപ്പെട്ടിരുന്നു. ഗില്ലി ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനം ശിവരാമന്‍ നായര്‍ വര്‍ഷങ്ങളായി വഹിക്കുകയാണ്. എന്നാല്‍, ക്രമക്കേട് സംബന്ധിച്ചുള്ള വിവരം കേസ് വന്നശേഷം മാത്രമാണ് അറിയുന്നതെന്നായിരുന്നു കുടുംബം നല്‍കിയ വിശദീകരണം.

ഫെബ്രുവരി 13ന് പിഎന്‍ബി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. പുതിയ എഫ്‌ഐആര്‍ പ്രകാരം 4886.72 കോടിയുടെ നഷ്ടമാണ് കാണിക്കുന്നത്. 11,300 കോടിയിലെ ബാക്കി തുകയുടെ നഷ്ടം സംബന്ധിച്ച എഫ്‌ഐആര്‍ ജനുവരി 31ന് റജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് 1217.2 കോടിയിലേറെ രൂപ മതിക്കുന്ന 41 വസ്തുവകകള്‍ നേരത്തെ കണ്ടുകെട്ടുകയും ചെയ്തു. നീരവ് മോദിക്കും മെഹുല്‍ ചോക്‌സിയ്ക്കും എതിരായി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും നിലനില്‍ക്കുന്നുണ്ട്. ഫെബ്രുവരി മൂന്നിനും നാലിനും നീരവ് മോദി, ആമി മോദി, ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവരുടെ വീടുകളിലടക്കം 21 വ്യത്യസ്ത സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ കോടിക്കണക്കിനു രൂപ മൂല്യമുള്ള വജ്രാഭരണങ്ങളാണു കണ്ടെടുത്തത്. ഇതിനുപുറമെ വിവിധ രേഖകളും പിടിച്ചെടുത്തിരുന്നു.

Top