സിബിഐ ഡയറക്ടറായി അലോക് വര്‍മ വീണ്ടും ചുമതലയേറ്റു

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടറായി അലോക് വര്‍മ വീണ്ടും ചുമതലയേറ്റു. സുപ്രീംകോടതി വിധിക്കു പിന്നാലെയാണ് സിബിഐ ഡല്‍ഹി ആസ്ഥാനത്തെത്തി അലോക് വര്‍മ ചുമതലയേറ്റത്.

ചൊവ്വാഴ്ചയാണ് കേസില്‍ കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കി അലോക് വര്‍മയെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയ നടപടി സുപ്രീംകോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി.

ഒക്ടോബര്‍ 23ന് അര്‍ദ്ധരാത്രിയിലായിരുന്നു അലോക് വര്‍മ്മയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സിബിഐ തലപ്പത്തെ തമ്മിലടികളുടെ പേരിലായിരുന്നു തീരുമാനം. അലോക് വര്‍മ്മയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചുകൊണ്ട് നാഗേശ്വരറാവുവിന് പകരം ചുമതല നല്‍കുകയായിരുന്നു.

തന്നെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനം ചോദ്യം ചെയ്ത് അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീകോടതി വിധി പറഞ്ഞത്.

ജൂലൈ മാസം മുതല്‍ സിബിഐയിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ പ്രശ്‌നമുണ്ടായിട്ടും ഒക്ടോബര്‍ 23 ന് രാത്രി അലോക് വര്‍മയെ തിടുക്കത്തില്‍ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതെന്തിനാണെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു.

Top