ഹോട്ടല്‍ ടെണ്ടര്‍ അഴിമതി, ലാലു പ്രസാദിനെതിരെ കേസെടുത്ത് സി.ബി.ഐ, വീടുകളില്‍ റെയ്ഡ്

lalu-prasad-yadav

പാട്‌ന: ഹോട്ടലുകള്‍ സ്ഥാപിക്കാനായി ടെണ്ടറുകള്‍ നല്‍കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അദ്ധ്യക്ഷനുമായ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി എന്നിവരടക്കം നാലു പേര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു.

കേന്ദ്ര റെയില്‍വേ മന്ത്രി ആയിരിക്കെയാണ് കേസിനാസ്പദമായ സംഭവം.

ലാലുവിനെയും ഭാര്യയേയും കൂടാതെ മകന്‍ തേജസ്വി, റെയില്‍വേയുടെ കാറ്ററിംഗ്, ടൂറിസം വിഭാഗമായ ഐ.ആര്‍.സി.ടി.സി മുന്‍ മാനേജിംഗ് ഡയറക്ടര്‍ പി.കെ.ഗോയല്‍, ലാലുവിന്റെ അടുത്ത സഹായി പ്രേംചന്ദ് ഗുപ്തയുടെ ഭാര്യ സര്‍ല ഗുപ്ത എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ഇവരുടെ വീടുകളില്‍ സി.ബി.ഐ റെയ്ഡ് നടത്തുകയും ചെയ്തു. രാവിലെ ഏഴു മണിയോടെയായിരുന്നു ഡല്‍ഹി, പാട്‌ന, റാഞ്ചി, പുരി, ഗുഡ്ഗാവ് എന്നിവിടങ്ങളിലെ ലാലുവിന്റെ വീട്ടുകളില്‍ സി.ബി.ഐ സംഘം റെയ്ഡിനെത്തിയത്.

2008-ല്‍ റെയില്‍വേ മന്ത്രി ആയിരിക്കെ റാഞ്ചിയിലും പുരിയിലും ഹോട്ടലുകള്‍ക്ക് വഴിവിട്ട് കരാറുകള്‍ നല്‍കിയതിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.

റാഞ്ചിയിലേയും പുരിയിലേയും ബി.എന്‍.ആര്‍ ഹോട്ടലുകള്‍, സുജാത ഹോട്ടല്‍സ് എന്നിവ നവീകരിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമായി കരാര്‍ നല്‍കിയതിലെ ക്രമക്കേടിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റെയില്‍വേയുടെ കീഴിലായിരുന്ന ബി.എന്‍.ആര്‍ ഹോട്ടല്‍ 2008-ല്‍ തന്നെ ഐ.ആര്‍.സി.ടി.സി ഏറ്റെടുത്തിരുന്നു.

Top