നിയമന വിവാദം; എയര്‍ഇന്ത്യ മുന്‍ മേധാവിക്കെതിരെ സിബിഐ കേസെടുത്തു

ന്യൂഡല്‍ഹി: നടപടിക്രമങ്ങള്‍ പാലിക്കാതെ എയര്‍ഇന്ത്യയില്‍ ജനറല്‍ മാനേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയമിച്ചതിന് എയര്‍ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടര്‍ ആയിരുന്ന അരവിന്ദ് ജാദവിനും വിരമിച്ച നാല് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ സിബിഐ കേസെടുത്തു.

ജാദവിനെ കൂടാതെ മെഡിക്കല്‍ സര്‍വീസസ് മുന്‍ ജനറല്‍ മാനേജര്‍ എല്‍.പി നഖ്വ, അഡീഷണല്‍ ജനറല്‍ മാനേജര്‍മാര്‍ ആയിരുന്ന എ കട്പാലിയ, അമിതാഭ് സിങ്, രോഹിത് ഭാലിന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ജാദവ് അനധികൃതമായി രൂപവത്കരിച്ച സമിതി ഇവരെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് നിര്‍ദ്ദേശിച്ചുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

ക്രമിനല്‍ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് എയര്‍ഇന്ത്യയുടെ മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 2009 – 10 കാലഘട്ടത്തില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അനധികൃത നിയമനം നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തിയിട്ടുള്ളത്.

ഇവരില്‍ ഒരാള്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലനില്‍ക്കെ വിജിലന്‍സ് ക്ലിയറന്‍സ് നല്‍കിയതായും പ്രഥമവിവര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള മറ്റ് രണ്ടു പേര്‍ക്കെതിരേയും കേസുകള്‍ നിലനില്‍ക്കെയാണ് നിയമനം നല്‍കിയതെന്നും സി ബി ഐ ആരോപിക്കുന്നു.

Top