കലാക്ഷേത്ര ഫൗണ്ടേഷനില്‍ 7.02 കോടിയുടെ ക്രമക്കേട്; ലീലാ സാംസണെതിരെ സിബിഐ കേസ്

ന്യൂഡല്‍ഹി : പ്രശസ്ത ഭരതനാട്യ നര്‍ത്തകിയും നടിയുമായ ലീലാ സാംസണെതിരെ സിബിഐ കേസ്. ചെന്നൈ കലാക്ഷേത്ര ഫൗണ്ടേഷനില്‍ ഓഡിറ്റോറിയം നിര്‍മിക്കാന്‍ 7.02 കോടി രൂപ ചെലവഴിച്ചതില്‍ ക്രമക്കേട് ഉണ്ടെന്നാണ് കേസ്.സാംസ്‌കാരിക മന്ത്രാലയത്തിലെ ചീഫ് വിജിലന്‍സ് ഓഫിസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ‘കാര്‍ഡ്’ കമ്പനിയുടെ ഓഡിറ്റോറിയത്തിന്റെ നവീകരണ ജോലികളുടെ മേല്‍നോട്ട ചുമതല നല്‍കിയതില്‍ ക്രമക്കേട് ഉണ്ടെന്നു പരാതിയില്‍ പറയുന്നു.

ലീല സാംസണെ കൂടാതെ കലാക്ഷേത്ര ഫൗണ്ടേഷന്‍ മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫിസര്‍ ടി.എസ്.മൂര്‍ത്തി, അക്കൗണ്ട്‌സ് ഓഫിസര്‍ എസ്.രാമചന്ദ്രന്‍, എന്‍ജിനീയറിങ് ഓഫിസര്‍ വി.ശ്രീനിവാസന്‍ തുടങ്ങിയവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ലീല സാംസണ്‍ 2005 മേയ് ആറ് മുതല്‍ 2012 ഏപ്രില്‍ 30 വരെ കലാക്ഷേത്ര ഫൗണ്ടേഷന്‍ ഡയറക്ടറായിരുന്ന കാലത്തായിരുന്നു ഓഡിറ്റോറിയം പുതുക്കിപ്പണിയാന്‍ തീരുമാനിച്ചത്. അതിന് പ്രകാരം 2009 ല്‍ ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ ഒരു ഉപദേശക സമിതി രൂപീകരിക്കുകയും നവീകരണ ജോലിക്കു വേണ്ട എസ്റ്റിമേറ്റ് തയാറാക്കുന്നതിന് പി.ടി.കൃഷ്ണന്‍, ലീല സാംസണ്‍, മാധവി മുദ്ഗല്‍ എന്നിവരെ നിയോഗിക്കുകയും ചെയ്തു.

എന്നാല്‍ 2016 ല്‍ സാസ്‌കാരിക മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ 7.02 കോടി എസ്റ്റിമേറ്റ് നിശ്ചയിച്ചിരുന്ന ജോലിക്ക് 62.20 ലക്ഷം രൂപ കൂടുതല്‍ ചെലവായെന്നും നവീകരണ ജോലിയുടെ കരാര്‍ ഏല്‍പ്പിക്കുന്നതില്‍ ഓപ്പണ്‍ ടെന്‍ഡര്‍ രീതി സ്വീകരിച്ചില്ലെന്നും കണ്ടെത്തി. തുടര്‍ന്നാണ് സാംസ്‌കാരിക മന്ത്രാലയത്തിലെ ചീഫ് വിജിലന്‍സ് ഓഫിസറുടെ പരാതി നല്‍കിയത്.

കേന്ദ്ര സംഗീത നാടക അക്കാദമി, ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് എന്നിവയുടെ അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുള്ള ലീലാ സാംസണ് പത്മശ്രീയും ലഭിച്ചിട്ടുണ്ട്.

Top