സുപ്രീം കോടതി നിർദേശിച്ചാൽ അന്വേഷിക്കാം; ബാർ കോഴക്കേസിൽ നിലപാടറിയിച്ച് സിബിഐ

ന്യൂഡല്‍ഹി : സുപ്രീം കോടതി നിർദേശിച്ചാൽ ബാർ കോഴക്കേസ് അന്വേഷിക്കാമെന്ന് സിബിഐ. കൊച്ചി സിബിഐ യൂണിറ്റിലെ എസ്പി എ.ഷിയാസാണ് സുപ്രീം കോടതിയിൽ നിലപാടറിയിച്ചത്. 2014ൽ ധനമന്ത്രിയായിരുന്ന കെ.എം.മാണിക്കെതിരെ കേരള ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് കേസിന് ആധാരം. 418 ബാറുകൾ തുറക്കാൻ 5 കോടി രൂപ ആവശ്യപ്പെട്ടെന്നായിരുന്നു വെളിപ്പെടുത്തൽ.

പി.എൽ.ജേക്കബ് എന്നയാളാണ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി വി.എസ്.ശിവകുമാര്‍, മുൻ മന്ത്രി കെ.ബാബു, കെ.എം.മാണിയുടെ മകനും കേരള കോൺഗ്രസ് (എം) നേതാവുമായ ജോസ് കെ.മാണി എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി.

ഈ ഹർജിയുമായി ബന്ധപ്പെട്ടാണ് സിബിഐ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. കോടതി നിർദേശിച്ചാൽ കേസ് അന്വേഷിക്കാൻ തയാറാണെന്നും കെ.എം.മാണിക്കെതിരായ അന്വേഷണം ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തടഞ്ഞു എന്നൊരു ആരോപണം നിലനിൽക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Top