പാരിസ് പാരിസിന് എ സര്‍ട്ടിഫിക്കറ്റ്; അപ്പീലിനൊരുങ്ങി അണിയറപ്രവര്‍ത്തകര്‍

കാജല്‍ അഗര്‍വാള്‍ നായികയായെത്തുന്ന പുതിയ ചിത്രമാണ് പാരിസ് പാരിസ്. കങ്കണ നായികയായി എത്തിയ ക്വീന്‍ എന്ന സിനിമയുടെ റീമേക്കാണീ ചിത്രം. വന്‍ സ്വീകാര്യതയായിരുന്നു കങ്കണയുടെ ക്വീനിന് ലഭിച്ചിരുന്നത്. എന്നാല്‍ തമിഴ് റീമേക്കില്‍ ചിത്രത്തിലെ 25 ഓളം രംഗങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചതായ വാര്‍ത്തകളാണ് പുറത്തു വരുന്നത്.

നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടീസറില്‍ കാജലും എല്ലി അവ്രാമും ഒന്നിച്ചെത്തുന്ന രംഗം വിവാദമായിരുന്നു. എന്നാല്‍ ക്വീനില്‍ കങ്കണയും ലിസ ഹെയ്ഡനും തമ്മിലുള്ള ഒരു തമാശ രംഗം അതേ പടി പകര്‍ത്തി വച്ചതാണെന്നും അതില്‍ മോശമായി ഒന്നുമില്ലെന്നുമായിരുന്നു സംവിധായകന്‍ രമേശ് അരവിന്ദ് അഭിപ്രായപ്പെട്ടത്. ഹിന്ദിയില്‍ ഇല്ലാത്ത വിവാദമാണ് ഇപ്പോള്‍ തമിഴില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നതെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നിങ്ങനെ ഭാഷകളിലായാണ് ക്വീന്‍ റീമേക്കുകള്‍ ഒരുങ്ങുന്നത്. സംസം എന്ന പേരില്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായിക. തെലുങ്കില്‍ തമന്നയും കന്നടയില്‍ പറുള്‍ യാദവുമാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. അതേസമയം ചിത്രത്തിന്റെ തെലുങ്ക്, മലയാളം, കന്നഡ റീമേക്കുകള്‍ കട്ടുകള്‍ ഇല്ലാതെ സെന്‍സറിങ് പൂര്‍ത്തിയാക്കി.

സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് റിവൈസിങ് കമ്മറ്റിക്ക് മുന്‍പാകെ അപ്പീല്‍ പോകാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍. മാത്രമല്ല ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്.

Top