അറുപത് വര്‍ഷമായി ഗുഹാവാസി; രാമക്ഷേത്ര നിര്‍മ്മാണത്തിന് നല്‍കിയത് ഒരു കോടി രൂപ

ഹരിദ്വാര്‍: അയോധ്യ ക്ഷേത്രനിര്‍മാണത്തിനായി ഒരു കോടി രൂപ സംഭാവന ചെയ്തത് സ്വാമി ശങ്കര്‍ദാസ്. അറുപത് വര്‍ഷത്തോളമായി ഗുഹകളിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഭക്തരില്‍നിന്ന് ലഭിച്ച സംഭാവനയാണ് ഇതെന്ന് സ്വാമി വ്യക്തമാക്കി. ആദ്യം ഋഷികേശിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ജീവനക്കാര്‍ക്ക് സംഗതി വിശ്വസിക്കാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് അക്കൗണ്ട് പരിശോധിച്ചതോടെ സ്വാമി പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ആര്‍.എസ്.എസ്. ഭാരവാഹികളെ വിളിച്ചു വരുത്തി ബാങ്ക് നടപടികള്‍ പൂര്‍ത്തിയാക്കി.

‘റാം മന്ദിര്‍ ട്രസ്റ്റ് നിര്‍മാണത്തിനായി സ്വാമി ശങ്കര്‍ ദാസ് ഒരു കോടി രൂപ സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചത് അനുസരിച്ചാണ് ബ്രാഞ്ചില്‍ എത്തിയത്. അദ്ദേഹത്തിന് പണം നേരിട്ട് കൈമാറാന്‍ സാധിക്കാത്തതിനാല്‍ ചെക്ക് ഞങ്ങള്‍ക്ക് കൈമാറി. ചെക്ക് സ്വീകരിച്ച് അദ്ദേഹത്തിന് ഞങ്ങള്‍ രസീത് കൈമാറി. ചെക്ക് ഉപയോഗിച്ച് ബാങ്ക് മാനേജര്‍ പണം ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് മാറ്റും.’ ആര്‍.എസ്.എസ്. ഋഷികേശ് മേധാവി സുദമ സിംഘള്‍ പറഞ്ഞു.

സംഭാവന രഹസ്യമായി നല്‍കാനായിരുന്നു സ്വാമിയുടെ പദ്ധതി. പിന്നീട് തന്റെ വാര്‍ത്ത പുറംലോകമറിയുന്നതോടെ മറ്റുളളവര്‍ക്കും സംഭാവന നല്‍കാന്‍ അതൊരു പ്രചോദനമാകുമെന്ന് കരുതിയാണ് ഇക്കഥ പുറത്തുവിടാന്‍ സ്വാമി അനുവാദം നല്‍കിയത്. ഫക്കദ് ബാബ എന്നാണ് പ്രദേശവാസികള്‍ സ്വാമിയെ വിളിക്കുന്നത്.

 

Top