cauvery water dispute ; Supreme Court criticized the Karnataka

ന്യൂഡല്‍ഹി: തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുനല്‍കണണെന്ന ഉത്തരവ് നടപ്പാക്കാത്തതില്‍ കര്‍ണാടകത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.

വെളളം വിട്ടുനല്‍കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണ് സുപ്രീം കോടതി സംസ്ഥാനത്തെ അതൃപ്തിയറിയിച്ചത്.

തമിഴ്‌നാടിന് പതിനയ്യായിരം ഘനയടി വെള്ളം വിട്ടുനല്‍കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും ഉത്തരവില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള കര്‍ണാടകയുടെ ഹര്‍ജ്ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. അതേസമയം നേരത്തേ പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞതിനേക്കാള്‍ കുറവ് ജലം വിട്ടുനല്‍കിയാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചു.

തമിഴ്‌നാടിന് വെള്ളം വിട്ടുനല്‍കാനുള്ള ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷാത്മകമായ അവസ്ഥയാണെന്നും കര്‍ഷകരുടെയും ജനങ്ങളുടെയും വലിയ പ്രതിഷേധം നടക്കുകയാണെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അതുകൊണ്ടാണ് ഉത്തരവ് നടപ്പാക്കാന്‍ സാധിക്കാതിരുന്നതെന്നും കര്‍ണാടക കോടതിയില്‍ പറഞ്ഞു.

അതേസമയം കാവേരി തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലും പ്രതിഷേധമുയരുകയാണ്. പലയിടങ്ങളിലും കര്‍ണാടക ബസുകള്‍ക്ക് നേരെയും കര്‍ണാടക സ്വദേശികളുടെ കടകള്‍ക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്.

Top