കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് ; മണ്ണില്‍ പൂണ്ടു കിടന്ന് വേറിട്ട സമരവുമായി ട്രിച്ചിയിലെ കര്‍ഷകര്‍

ട്രിച്ചി: കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാത്തതില്‍ പ്രതിഷേധിച്ച് വേറിട്ട സമരവുമായി ട്രിച്ചിയിലെ കര്‍ഷകര്‍. സുപ്രീം കോടതി നിര്‍ദ്ദേശം പരിഗണിച്ച് ബോര്‍ഡ് രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് മണ്ണില്‍ പൂണ്ടുകിടന്നാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. നെഞ്ചില്‍ തലയോട്ടികളും കഴുത്തില്‍ പൂമാലയും ചാര്‍ത്തി ശരീരത്തിന്റെ പകുതിയോളം മണലില്‍ പൂണ്ടുകിടന്നായിരുന്നു പ്രതിഷേധം.

കൊടുംചൂടിനെ വകവെയ്ക്കാതെയുള്ള കര്‍ഷക പ്രതിഷേധം ശക്തമായതോടെ കര്‍ഷക നേതാവായ അയ്യക്കണ്ണിനേയും മറ്റ് പ്രതിഷേധക്കാരേയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടന്ന കര്‍ഷക പ്രതിഷേധത്തെ നയിച്ച നേതാവാണ് പി അയ്യക്കണ്ണ്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ തലമൊട്ടയടിച്ചും, ചത്ത പാമ്പിനേയും എലികളേയും കടിച്ചു പിടിച്ചും, പ്രതീകാത്മക ശവസംസ്‌കാരം ചെയ്തും കര്‍ഷകര്‍ നടത്തിയ സമരം രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സമരം ശക്തമായതോടെ ഫെബ്രുവരി ആറിനാണ് കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപവത്കരിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരിക്കാത്തതില്‍ തമിഴകത്ത് പ്രതിഷേധം ശക്തമായി തുടരുകയാണ്. എല്ലാ പ്രമുഖ രാഷ്ട്രീയകക്ഷികളും സമരവുമായി രംഗത്തെത്തിയിട്ടുണ്ട്. കാവേരിനദീതീര ജില്ലകളില്‍ കര്‍ഷകരുടെ പ്രക്ഷോഭം ശക്തമാണ്. സമരത്തിന് പിന്തുണയുമായി ഭരണകക്ഷിയായ എഐഎഡിഎംകെ ചൊവ്വാഴ്ച നിരാഹാര സമരത്തിന് ആഹ്വാനം ചെയ്തിരുന്നു.

Top