മരണകാരണം അണുബാധ; കുനോ ദേശീയോദ്യാനത്തിലെ 10 ചീറ്റകളുടെ റേഡിയോ കോളറുകള്‍ നീക്കും

ന്യൂഡല്‍ഹി: കുനോ ദേശീയോദ്യാനത്തിലെ 10 ചീറ്റകളുടെ റേഡിയോ കോളറുകള്‍ നീക്കം ചെയ്യും. റേഡിയോ കോളറില്‍ നിന്ന് അണുബാധയേറ്റായിരിക്കാം ചീറ്റകളുടെ മരണമെന്ന നിഗമനമാണ് ഇതിനു കാരണം. എന്നാല്‍, ഈ വാദത്തിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രതികരണം. ആഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളില്‍ ഒരെണ്ണം കൂടി ചത്തതിനു പിന്നാലെയാണു നടപടി. ചീറ്റ പദ്ധതി വിജയമോ പരാജയമോ എന്നു നിര്‍ണയിക്കാനുള്ള സമയമായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

എന്നാല്‍, റേഡിയോ കോളര്‍ ഉരഞ്ഞുണ്ടായ മുറിവിലൂടെ രക്തത്തില്‍ അണുബാധയുണ്ടായതാകാം ചീറ്റകളുടെ മരണകാരണമെന്നാണു പ്രൊജക്ട് ചീറ്റയുടെ സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷന്‍ രാജേഷ് ഗോപാല്‍ പറഞ്ഞത്. സമാന അഭിപ്രായമാണ് മധ്യപ്രദേശ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ജെ.എസ്.ചൗഹാനും പങ്കുവച്ചത്. അതേസമയം, ഇതു മാത്രമായിരിക്കില്ല കാരണമെന്നും അദ്ദേഹം പറഞ്ഞു. മരിച്ച 2 ചീറ്റകളുടെയും വൃക്കകള്‍ക്കും മറ്റ് ആന്തരാവയങ്ങള്‍ക്കും കേടുണ്ടായിരുന്നു. നമീബിയില്‍ നിന്നെത്തിയ ഇരട്ടകളായ ചീറ്റകള്‍ക്കു കൂടി രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെയാണു റേഡിയോ കോളര്‍ മാറ്റാന്‍ തീരുമാനിച്ചത്. കഴിഞ്ഞ 4 മാസത്തിനുള്ളില്‍ 8 ചീറ്റകളാണ് ചത്തത്.

Top