ഇരിട്ടിയില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒന്‍പത് ലക്ഷവും ഒന്‍പത് കിലോ കഞ്ചാവും പിടികൂടി

cannabis-seized

ഇരിട്ടി: ഇരിട്ടിയില്‍ ബസുകളില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒന്‍പത് ലക്ഷം രൂപയും ഒന്‍പത് കിലോഗ്രാം കഞ്ചാവും പിടികൂടി.

ബെംഗലൂരുവില്‍ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ ഒമ്പതര ലക്ഷം രൂപയുമായി ഒരാളെ ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലും സംഘവുമാണ് പിടികൂടിയത്.

മറ്റൊരു സ്വകാര്യ ബസില്‍ കടത്തിയ 9 കിലോഗ്രാം കഞ്ചാവുമായി നാല് പ്രതികളെയും പിടികൂടി.

ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങളുടെ മറവില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള മദ്യക്കടത്തുള്‍പ്പെടെ തടയുന്നതിന്റെ ഭാഗമായി ഇരിട്ടി പൊലീസ് നേതൃത്വത്തില്‍ കേരള അതിര്‍ത്തിയായ കൂട്ടുപുഴയില്‍ വാഹന പരിശോധനയ്ക്കിടെയാണ് പണവും കഞ്ചാവും പിടികൂടിയത്.

ബെംഗലൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസിയില്‍ നിന്നാണ് രേഖയില്ലാതെ കടത്തുകയായിരുന്ന ഒമ്പതര ലക്ഷം രൂപ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പെരളശ്ശേരി സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

ബെംഗലൂരുവില്‍ നിന്നും ഇരിട്ടി വഴി പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കല്‍പ്പക ടൂറിസ്റ്റ് ബസ്സില്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് 9 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. യാത്രക്കാരായ 4 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

കസ്റ്റഡിയിലായവരില്‍ ബസ്സ് ജീവനക്കാരുമുണ്ട്. അതിനാല്‍ ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Top