നെടുമ്പാശേരിയില്‍ സൗദി എയര്‍ലൈന്‍സിലെത്തിയ പൂച്ചയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു

കൊച്ചി: വിദേശത്ത് നിന്ന് അനധികൃതമായി കൊണ്ടുവന്ന പൂച്ചയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ജിദ്ദയില്‍ നിന്ന് വന്ന സൗദി എയര്‍ലൈന്‍സിലാണ് പൂച്ചയെ കൊണ്ടുവന്നത്. വിമാനത്താവളത്തിലെത്തിയപ്പോള്‍ കസ്റ്റംസ് വിഭാഗം പൂച്ചയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. നടപടി ക്രമങ്ങള്‍ പാലിച്ചല്ല കൊണ്ടുവന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പൂച്ചയെ കസ്റ്റഡിയിലെടുത്തത്.

വിദേശത്ത് നിന്ന് വളര്‍ത്തു മൃഗങ്ങളെ കൊണ്ടുവരുന്നതിന് പ്രത്യേക നടപടിക്രമങ്ങള്‍ ഉണ്ട്. പൂച്ച എവിടെയാണോ ജനിച്ചത് അവിടത്തെ ആരോഗ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. എന്നാല്‍, പൂച്ചയുടെ ഉടമസ്ഥരുടെ കൈയില്‍ ഇതൊന്നും ഉണ്ടായിരുന്നില്ല, അതേസമയം പൂച്ചയെ പരിശോധിക്കാനുള്ള സംവിധാനം നെടുമ്പാശേരിയില്‍ ഇല്ലാത്തതിനെ തുടര്‍ന്ന് പൂച്ചയെ ജിദ്ദയിലേക്ക് തന്നെ തിരിച്ചയച്ചു.

Top