പൂച്ചകളില്‍ നിന്ന് മറ്റു പൂച്ചകളിലേക്ക് കോവിഡ് എളുപ്പം പകരും: ഗവേഷകര്‍

ലണ്ടന്‍: പൂച്ചകളില്‍ നിന്ന് മറ്റു പൂച്ചകളിലേക്ക് കോവിഡ് എളുപ്പം പകരുമെന്ന് ഗവേഷകര്‍. പലപ്പോഴും പൂച്ചകളില്‍ കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടമാകില്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

മനുഷ്യരില്‍ നിന്നാണ് ആദ്യം കോവിഡ് പൂച്ചകളിലേക്ക് എത്തുന്നത്. തുടര്‍ന്ന് ഈ പൂച്ചകള്‍ വഴി രോഗം വീണ്ടും മനുഷ്യരിലെത്തുമോ എന്നതില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്. എന്നാല്‍ ആരോഗ്യവിദഗ്ധര്‍ ആ സാധ്യത തള്ളിക്കളഞ്ഞിരിക്കയാണ്.
അതേസമയം, മൃഗങ്ങളിലേക്ക് പരീക്ഷണശാലകളില്‍ വെച്ച് വൈറസ് എളുപ്പത്തില്‍ കുത്തിവെക്കാമെന്നും എന്നാല്‍ സാധാരണഗതിയില്‍ അതേരീതിയില്‍ കോവിഡ് മൃഗങ്ങളെ ബാധിക്കില്ലെന്നും വൈറസ് വിദഗ്ധന്‍ പീറ്റര്‍ ഹാഫ്മാന്‍ പറഞ്ഞു. മാത്രമല്ല പൂച്ചകളെ ഉമ്മവെക്കരുതെന്നും ഒരുപക്ഷേ അതു വഴി വൈറസ് ശരീരത്തിലെത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹാഫ്മാനും സഹപ്രവര്‍ത്തകരും വിസ്‌കോന്‍സിന്‍ സ്‌കൂള്‍ ഓഫ് വെറ്ററിനറി മെഡിസിന്റെ സഹായത്തോടെ നടത്തിയ പരീക്ഷണത്തില്‍ കോവിഡ് രോഗിയെയും മനുഷ്യരില്‍ നിന്ന് രോഗം പകര്‍ന്ന മൂന്ന് പൂച്ചകളെയുമാണ് ഉപയോഗിച്ചത്. പിന്നീട് അവക്കൊപ്പം മൂന്നുപൂച്ചകളെയും കഴിയാന്‍ അനുവദിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മൂന്നുപൂച്ചകളിലേക്കും വൈറസ് പടര്‍ന്നു. എന്നാല്‍ ആറുപൂച്ചകളിലും രോഗലക്ഷണങ്ങള്‍ പ്രകടമായില്ല. യു.എസില്‍ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Top