ചാരിറ്റിക്ക് അയയ്ക്കുന്ന പണം വകമാറ്റി സിനിമ നിര്‍മ്മാണത്തില്‍ വരെ നിക്ഷേപിച്ച് വത്തിക്കാന്‍

francis-marpappa

പോപ്പിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പണം സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഈ അക്കൗണ്ടിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പണം ഒഴുകും. എന്നാല്‍ ചാരിറ്റി പ്രവര്‍ത്തനത്തിന് ലഭിച്ച പണം വകമാറ്റി കൂടുതല്‍ ലാഭം കിട്ടാനായി സിനിമാ നിര്‍മ്മാണത്തിനും, ലണ്ടനില്‍ റിയല്‍ എസ്റ്റേറ്റ് വിപണിയിലും നിക്ഷേപിച്ചെന്ന വാര്‍ത്ത വിശ്വാസികളെ ഞെട്ടിക്കാന്‍ പോന്നതാണ്.

വര്‍ഷങ്ങളായി ഈ രീതിയില്‍ വത്തിക്കാന് ലഭിച്ച തുകയാണ് ലാഭം നോക്കി ലണ്ടന്‍ റിയല്‍ എസ്‌റ്റേറ്റിലും, ഇറ്റാലിയന്‍ ബാങ്കിലും, നഷ്ടത്തിലായ ആശുപത്രിയിലും, എല്‍ട്ടണ്‍ ജോണിന്റെ ജീവചരിത്രം വിവരിക്കുന്ന സിനിമാ നിര്‍മ്മാണത്തിലും ഉള്‍പ്പെടെ ഇറക്കിയത്. വത്തിക്കാന്‍ അധികൃതരുടെ അറിവോടെയാണ് ഈ വകമാറ്റല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജീവകാരുണ്യത്തിന്റെ പേരില്‍ സ്വീകരിച്ച തുകയാണ് ഇത്തരത്തില്‍ ഇന്‍വെസ്റ്റ്‌മെന്റാക്കി മാറ്റിയത്.

വാള്‍ സ്ട്രീറ്റ് ജേണല്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് വാര്‍ഷിക പീറ്റേഴ്‌സ് പെന്‍സ് കളക്ഷനില്‍ നിന്ന് കേവലം 5% തുക മാത്രമാണ് ചാരിറ്റിക്കായി വിനിയോഗിച്ചത്. ബാക്കി 95% ഫണ്ടും മറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ വെളിപ്പെടുത്തി. എന്നാല്‍ ഇതില്‍ യാതൊരു നിയമവിരുദ്ധതയും ഇല്ലെന്നാണ് വത്തിക്കാനെ പ്രതിരോധിക്കുന്നവരുടെ നിലപാട്.

വത്തിക്കാന്റെ ബജറ്റ് വിനിയോഗത്തിനും, ഭാവിയിലേക്കുള്ള നിക്ഷേപത്തിനുമായി തുക വിനിയോഗിച്ചുവെന്നത് വിശ്വാസികളെ അറിയിച്ചില്ലെന്നതാണ് വിവാദമായി മാറുന്നത്. യുദ്ധം, അടിച്ചമര്‍ത്തല്‍, പ്രകൃതി ദുരന്തങ്ങള്‍, രോഗങ്ങള്‍ എന്നിവ നേരിടുന്നവര്‍ക്കായി തുക വിനിയോഗിക്കുമെന്നാണ് പീറ്റര്‍ പെന്‍സ് കളക്ഷന്റെ വാഗ്ദാനം.

Top