പുതിയ തീരുമാനങ്ങളുമായി കത്തോലിക്ക സഭ ; വധശിക്ഷ നടപ്പിലാക്കരുതെന്ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: വധശിക്ഷ മേലില്‍ സ്വീകാര്യമല്ലെന്നും ലോകത്തെല്ലായിടത്തും അതില്ലാതാക്കാന്‍ കത്തോലിക്കാ സഭ പരിശ്രമിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പാ പ്രഖ്യാപിച്ചു. സഭയുടെ മതപഠനത്തില്‍ പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യുഎസിലെ 31 സംസ്ഥാനങ്ങളില്‍ വധശിക്ഷ അനുവദനീയമാണെന്നതിനാല്‍ സഭയുടെ പുതിയ പഠനങ്ങള്‍ക്ക് വിമര്‍ശനങ്ങളുണ്ടാകാം. വധശിക്ഷയ്ക്ക് എതിരായ സഭയുടെ നിലപാട് പോപ് ജോണ്‍ പോള്‍ രണ്ടാമന്റെ കാലം മുതല്‍ ഉണ്ടായിരുന്നതാണ്. വധശിക്ഷ അവസാനിപ്പിക്കുന്ന കാര്യത്തില്‍ ലോകം ധാരണയിലെത്തിയിരുന്നുവെങ്കില്‍ എന്ന് 1998ല്‍ പാപ്പാ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമി ബെനഡിക്ട് 16ാമനും 2011 നവംബറില്‍ പുറപ്പെടുവിച്ച ഒരു രേഖയില്‍ വധശിക്ഷ ഇല്ലാതാക്കാന്‍ എല്ലാ ശ്രമവും നടത്തണമെന്ന് സമൂഹ നേതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു. 2015ല്‍ പോപ് ഫ്രാന്‍സിസ്, കുറ്റകൃത്യം എത്ര ഗൗരവമുള്ളതാണെങ്കിലും വധശിക്ഷ സ്വീകാര്യമല്ലെന്ന്, വധശിക്ഷയ്ക്ക് എതിരെയുള്ള അന്തര്‍ദ്ദേശീയ കമ്മീഷന് എഴുതുകയുണ്ടായി. ജീവനെടുക്കുന്നത് പാപമായിരുന്നുവെന്നാണ് അദ്ദേഹം എഴുതിയിരുന്നത്.

2017ല്‍ 23 രാജ്യങ്ങളിലായി 993 പേരെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി അംനെസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു. ഏറ്റവും കൂടുതല്‍ വധശിക്ഷകര്‍ നടപ്പാക്കിയത് ചൈന, ഇറാന്‍, സൗദി അറേബ്യ, ഇറാഖ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലാണ്. യുഎസില്‍ 2017ല്‍ 41 പേരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 23 പേരെ വധിക്കുകയും ചെയ്തു.

പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വ്വെ അനുസരിച്ച് അമേരിക്കക്കാരില്‍ 54 ശതമാനം പേരും വധശിക്ഷയെ അനുകൂലിക്കുന്നവരാണ്; 39 പേര്‍ പ്രതികൂലിക്കുന്നുമുണ്ട്. അമേരിക്കന്‍ കത്തോലിക്കരില്‍ 53 ശതമാനം അനുകൂലിക്കുകയും 42 ശതമാനം എതിര്‍ക്കുകയും ചെയ്യുന്നുണ്ട്.

Top