സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭ ഇനി ചര്‍ച്ചകള്‍ക്കില്ലെന്ന് കാതോലിക്കാ ബാവ

കോട്ടയം: സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭ ഇനി ചര്‍ച്ചകള്‍ക്കില്ലെന്ന് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ. മതങ്ങള്‍ രാഷ്ട്രീയത്തിലോ രാഷ്ട്രീയം മതത്തിലോ ഇടപെടുന്നത് നല്ല പ്രവണതയല്ല. കുടിയേറ്റ കര്‍ഷകരല്ല മാഫിയകളാണ് പ്രകൃതിയെ കൊള്ളയടിക്കുന്നതെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കാതോലിക്കാ ബാവ പറഞ്ഞു.

സഭ തര്‍ക്കവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സുപ്രീം കോടതി വിധിയോടെ അവസാനിച്ചു. അത്തരം ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ല, വിധി അംഗീകരിച്ചാല്‍ സഭയില്‍ സമാധാനം ഉണ്ടാകുമെന്നും കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു.

മതങ്ങള്‍ രാഷ്ട്രീയത്തിലോ രാഷ്ട്രീയം മതത്തിലോ ഇടപെടുന്നത് നല്ല പ്രവണതയല്ല. രാഷ്ട്രീയത്തില്‍ എന്തെങ്കിലും നീതിവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ തിരുത്താനുള്ള ഉത്തരവാദിത്വം മതത്തിനുണ്ട്. മതങ്ങളില്‍ തെറ്റ് സംഭവിച്ചാല്‍ അത് ചൂണ്ടിക്കാട്ടാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ നേതൃത്വത്തിനുമുണ്ട്. വൈദികര്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാവുന്നത് നല്ലതല്ല. അങ്ങനെയുള്ളവര്‍ വൈദിക ജോലി ഉപേക്ഷിക്കുന്നതാണ് നല്ലത്.

പരിസ്ഥിതി ചൂഷണത്തിനെതിരെ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കണം. നമ്മുടെ അത്യാര്‍ഥി കൊണ്ട് പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവരുത്. ഇത് സാധാരണ ജനങ്ങള്‍ ചെയ്യുന്നതല്ല. കുടിയേറ്റ കര്‍ഷകരല്ല മാഫിയകളാണ് പ്രകൃതിയെ കൊള്ളയടിക്കുന്നത്. പ്രകൃതി സംരക്ഷണത്തിന് മുന്നിട്ടിറങ്ങണമെന്നും കാതോലിക്ക ബാവ ആഹ്വാനം ചെയ്തു.

Top