പാചകക്കാരന്‍ സദ്യയൊരുക്കാതെ മുങ്ങി; വെട്ടിലായത് വധുവിന്റെ വീട്ടുകാര്‍

food

പനങ്ങാട്: പാചകക്കാരന്‍ സദ്യയെത്തിക്കാതെ മുങ്ങിയെതോടെ വധുവിന്റെ വീട്ടുകാര്‍ വെട്ടിലായി. കഴിഞ്ഞ ദിവസം പനങ്ങാട് വിഎം ഹാളില്‍ നടന്ന കല്യാണത്തിന് സദ്യയൊരുക്കാന്‍ കരാര്‍ നല്‍കിയ പാചകക്കാരനാണ് മുങ്ങിയത്.

പനങ്ങാട് നിന്നുള്ള വധുവും എഴുപുന്നയില്‍ നിന്നുള്ള വരനും കടവന്ത്രയിലെ ക്ഷേത്രത്തില്‍ താലികെട്ട് കഴിഞ്ഞ് വീട്ടുകാരോടൊപ്പം രാവിലെ ഹാളിലെത്തിയിരുന്നു. പനങ്ങാട് മുണ്ടേമ്പിള്ളി തയ്യത്തുശ്ശേരി സൈജുവായിരുന്നു പെണ്‍ വീട്ടുകാരില്‍ നിന്നും അന്‍പതിനായിരം രൂപ മുന്‍കൂര്‍ വാങ്ങി സദ്യ ഏറ്റെടുത്തത്.

പതിനൊന്ന് മണി കഴിഞ്ഞിട്ടും ഭക്ഷണമെത്താതെ വന്നപ്പോള്‍ റസി.അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കാറ്ററിങ് സെന്ററിലെത്തിയത്. അവിടെ എത്തിയപ്പോഴാണ് കരാറുകാരന്‍ മുങ്ങിയതാണെന്ന് മനസ്സിലായത്. വിവരമറിഞ്ഞ് വധുവിന്റെ മാതാപിതാക്കള്‍ ബോധരഹിതരായി.കാറ്ററിങ് കരാറുകാരന്റെ പനങ്ങാടുള്ള സഹായികളെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തലേന്ന് രാത്രി പച്ചക്കറികള്‍ അരിഞ്ഞ് വയ്ക്കാന്‍ പറഞ്ഞതല്ലാതെ തങ്ങള്‍ക്ക് വേറെ നിര്‍ദേശമൊന്നും ലഭിച്ചില്ലെന്നും അപകടം മണത്തതിനാല്‍ തങ്ങള്‍ സ്ഥലം വിട്ടതായും സഹായികള്‍ അറിയിച്ചു.

അപകടം മണത്ത പനങ്ങാട് സെന്‍ട്രല്‍ റസി. അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പിന്നീട് സമീപത്തെ ഹോട്ടലുകള്‍, കാറ്ററിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നും കിട്ടാവുന്ന ഭക്ഷണം ശേഖരിക്കുകയായിരുന്നു. മട്ടാഞ്ചേരിയിലെ ഹോട്ടലില്‍ നിന്നും ചിക്കന്‍ ബിരിയാണിയും, വരന്റെ പാര്‍ട്ടിക്ക് മരടിലെ സ്റ്റാര്‍ ഹോട്ടലില്‍ വെജിറ്റേറിയന്‍ സദ്യയും ഏര്‍പ്പാടാക്കി. കരാറുകാരനെതിരെ റസി.അസോസിയേഷന്റെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് പനങ്ങാട് പോലീസില്‍ പരാതിയും നല്‍കി.

Top