പാലക്കാട്: ധോണിയെ വിറപ്പിച്ച കാട്ടുകൊമ്പന്‍ പി ടി 7 ന്റെ രണ്ടു കണ്ണുകള്‍ക്കും തിമിരം. നിലവിലെ സാഹചര്യത്തില്‍ ശസ്ത്രക്രിയ അസാധ്യമാണെന്നാണ് വിലയിരുത്തല്‍. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്യത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. കൊമ്പന്റെ അക്രമ സ്വഭാവത്തിന് കാരണം കാഴ്ച പ്രശ്‌നമെന്നാണ് നിഗമനം. ആനയെ ഇനി കൂട്ടില്‍ കയറ്റേണ്ടെന്ന തീരുമാനത്തിലാണ് വനംവകുപ്പുള്ളത്.
നേരത്തെ പിടി 7 ന്റെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ തുടര്‍ ചികിത്സ വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് വെറ്ററിനറി ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരുന്നു. നാല് വര്‍ഷത്തോളം പാലക്കാട് ധോണി പ്രദേശത്തിന്റെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പനായിരുന്നു പാലക്കാട് ടസ്‌കര്‍ സെവന്‍ എന്ന പിടി 7. ധോണി, മായാപുരം, മുണ്ടൂര്‍ മേഖലകളില്‍ നാല് വര്‍ഷം നാശമുണ്ടാക്കിയ കൊമ്പനാണ് ഈ ആന. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമന്‍ ആണ് കൊല്ലപ്പെട്ടത്.
2022 നവംബര്‍ മുതല്‍ ഇടവേളകള്‍ ഇല്ലാതെ വിലസുകയായിരുന്നു പിടി 7. ശ്രമകരമായ ദൗത്യത്തിലൂടെയാണ് ആനയെ വനം വകുപ്പ് പിടികൂടിയത്. 72 അംഗ ദൗത്യസംഘമായിരുന്നു ആനയെ മയക്കുവെടി വച്ചത്. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ അമ്പത് മീറ്റര്‍ അകലെനിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് മയക്കുവെടി ഉതിര്‍ക്കുകയായിരുന്നു.